ഇമ്രൻഖാന്റെ സത്യപ്രതിജ്ഞ ഈ മാസം 18ന്

Jaihind News Bureau
Saturday, August 11, 2018

പാകിസ്ഥാൻ പ്രധാനമന്ത്രിയായി ഇമ്രാൻ ഖാൻ ഈ മാസം 18ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഇമ്രൻഖാന്റെ തന്നെ പാർട്ടിയായ പിടിഐ ആണ് ഇക്കാര്യം അറിയിച്ചത്. അതേസമയം ബാലറ്റുമായി ബന്ധപ്പെട്ട് സ്വകാര്യത ലംഘിച്ചെന്ന ആരോപണത്തിൽ ഇമ്രാൻ ഖാൻ ഇലക്ഷൻ കമ്മീഷന് മുമ്ബാകെ മാപ്പപേക്ഷ നൽകിയിരുന്നു.

സത്യപ്രതിജ്ഞ ചടങ്ങിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ കപിൽദേവ്, നവജോത് സിംഗ് സിദ്ദു, സുനിൽ ഗാവസ്‌കർ എന്നിവരെ ഇമ്രാൻ ക്ഷണിച്ചിട്ടുണ്ട്.

ജുലൈ 25ന് നടന്ന പൊതുതിരഞ്ഞെടുപ്പിൽ പിടിഐ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ ഇതിന് ശേഷമുണ്ടായ അനശ്ചിതത്വമാണ് സത്യപ്രതിജ്ഞ വൈകാൻ കാരണം.

സ്വതന്ത്രരുടേയും ചെറിയ കക്ഷികളുടേയും പിന്തുണയോടെ സഖ്യകക്ഷി സർക്കാറിന് ശ്രമിച്ചുവരികയായിരുന്നു പിടിഐ. സത്യപ്രതിജ്ഞ ചടങ്ങിലെ ധൂർത്ത് ഒഴിവാക്കാൻ വിദേശനേതാക്കളേയും മറ്റും ക്ഷണിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്.

അതേസമയം രഹസ്യമായി വോട്ടു രേഖപ്പെടുത്തിയ സംഭവത്തിൽ ഇമ്രാൻ ഖാൻ തെരഞ്ഞെടുപ്പു കമ്മീഷന് മാപ്പപേക്ഷ എഴുതി നല്കി. ഇതു സ്വീകരിച്ച കമ്മീഷൻ കേസ് അവസാനിപ്പിച്ചു. ഇസ്ലാമാബാദിലെ എൻഎ-53ാം മണ്ഡലത്തിലെ ഇമ്രാൻറെ വിജയം അംഗീകരിച്ച് വിജ്ഞാപനം ഇറക്കാനും കമ്മീഷൻ തീരുമാനിച്ചു.

പോളിംഗ് ബൂത്തിൽ രഹസ്യമായി വോട്ടു രേഖപ്പെടുത്തണ മെന്ന നിയമം ലംഘിച്ചതിനാണ് ഇമ്രാനെതിരേ കമ്മീഷൻ കേസെടുത്തത്. ആറു മാസം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

നേരത്തേ ഇമ്രാൻ അഭിഭാഷകൻ മുഖേന മറുപടി നല്കിയെങ്കിലും കമ്മീഷൻ തള്ളുകയായിരുന്നു. തുടർന്നാണ് നേരിട്ടു മാപ്പപേക്ഷ എഴുതി നല്കിയത്. മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ റിട്ട. ജസ്റ്റീസ് സർദാർ മുഹമ്മദ് റാസ മാപ്പപേക്ഷയെ എതിർത്തെങ്കിലും മറ്റു മൂന്ന് അംഗങ്ങൾ അനുകൂലിച്ചതോടെ കേസ് അവസാനിപ്പിക്കുകയായിരുന്നു.