അര്‍ജന്‍റീനയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് ക്രൊയേഷ്യ

Jaihind News Bureau
Friday, June 22, 2018

റഷ്യൻ ലോകകപ്പിൽ അർജന്റീനക്ക് ക്രൊയേഷ്യയ്ക്കെതിരെ ഞെട്ടിക്കുന്ന തോൽവി. മെസിയുടെ ഉയര്‍ത്തെഴുന്നേല്‍പിന് കാത്തിരുന്നവര്‍ക്ക് നിരാശ സമ്മാനിച്ച മത്സരം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഗ്രൂപ്പ് ഡിയിലെ നിർണായക മത്സരത്തിൽ ലയണൽ മെസിയും സംഘവും വീണത്. തോൽവിയോടെ അർജന്റീനയുടെ പ്രീക്വാർട്ടർ പ്രതീക്ഷകളും മങ്ങി.

രാജ്യാന്തര ഫുട്‌ബോൾ ലോകത്തെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായ അർജന്റീനയുടെ നോക്കൗട്ട് സാധ്യതകൾ വിദൂരത്താക്കിയത് ഒരേയൊരു പിഴവായിരുന്നു. കബയേറോ എന്ന ഗോൾ കീപ്പറിന്റെ വലിയ പിഴവ്. അർജന്റീനയുടെ ടീം ലോകകപ്പിന് വിമാനം കയറിയപ്പോൾ പ്രധാനം അഭാവം ഇക്കാർഡിയോ ലമേലയോ ഒന്നുമായിരുന്നില്ല. അത് ലോകകപ്പിന് ദിവസങ്ങൾക്ക് മുമ്പ് മാത്രം പരിക്കേറ്റ സെർജി റൊമേരോ ആയിരുന്നു. ക്ലബ് ലെവലിൽ കബയേറോ ചെൽസിയുടെ രണ്ടാം ഗോൾ കീപ്പറും റൊമേരോ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രണ്ടാം ഗോൾകീപ്പറുമാണ്. റഷ്യയിൽ ഒരുപാട് പോരായ്മകൾ അർജന്റീനയ്ക്ക് ഉണ്ടെങ്കിലും അതിൽ പ്രധാനമായ ഒരു പോരായ്മ് ഗോൾവല കാക്കാന്‍ റൊമേരോ ഇല്ല എന്നതാണ്.

മത്സരത്തിന്റെ ആദ്യപകുതി അവസാനിച്ചപ്പോൾ. അർജന്റീനിയന്‍ താരം പെരെസ് തുറന്ന പോസ്റ്റിന് മുന്നിൽ അവസരം പാഴാക്കിയതിന്റെ നഷ്ട്ടത്തിലായിരുന്നു അർജന്റീന, ആദ്യപകുതിയിൽ മേൽക്കൈ അർജന്റീനയ്ക്ക് തന്നെ. അതേസമയം, ഒരുപിടി അവസരങ്ങൾ ക്രൊയേഷ്യയ്ക്കും ലഭിച്ചു.

രണ്ടാം പകുതിയിൽ അർജന്റീനയെ ഞെട്ടിച്ച് ക്രൊയേഷ്യ ലീഡ് നേടുന്നു. അർജന്റീനിയന്‍ ഗോൾകീപ്പറിന്റെ ഹിമാലയൻ അബദ്ധത്തിൽനിന്ന് ക്രൊയേഷ്യ ലീഡ് നേടുന്നു. പ്രതിരോധനിരയിൽ നിന്നെത്തിയ മൈനസ് പാസ് ക്ലിയർ ചെയ്യുന്നതിൽ പിഴവ് വരുത്തിയ ഗോൾകീപ്പറിന്റെ പാസ് ക്രൊയേഷ്യൻ താരം ആന്റെ റെബിച്ചിന്റെ കാലുകളിലേക്ക്. തകർപ്പൻ വോളിയിലൂടെ റെബിച്ച് ലക്ഷ്യം കാണുന്നു. ഇതോടെ ക്രൊയേഷ്യ ഒരു ഗോൾ മുന്നിലെത്തുന്നു.

അർജന്റീനയുടെ തിരിച്ചുവരവ് സ്വപ്‌നം കണ്ട ആരാധകരെ ഞെട്ടിച്ചുകൊണ്ട് ക്രൊയേഷ്യ ലീഡ് വർധിപ്പിക്കുന്നു. തകർപ്പൻ ലോങ് റേഞ്ചറിലൂടെ ലൂക്കാ മോഡ്രിച്ചാണ് ഗോൾ നേടിയത്. റഷ്യൻ ലോകകപ്പിൽ മോഡ്രിച്ചിന്റെ രണ്ടാം ഗോൾ പിറന്ന നിമിഷം.

മോഡ്രിച്ചിന് പിന്നാലെ വല ചലിപ്പിച്ച് ഇവാൻ റാക്കിട്ട് എത്തുന്നു. ഇക്കുറി അർജന്റീന പ്രതിരോധത്തെ തീർത്തും നിഷ്പ്രഭമാക്കിയ പ്രകടനം. കൊവാസിച്ചിന്റെ പാസിൽനിന്ന് റാക്കിട്ടിച്ച് ലക്ഷ്യം കാണുമ്പോൾ അർജന്റീന നിസഹയരായി നിന്നു.

അർജന്റീനയുടെ റഷ്യയിലെ ഭാവി ഇനി അർജന്റീനയുടെ കയ്യിലല്ല. ഗ്രൂപ്പിലെ ബാക്കി മൂന്ന് പേരുമാണ് ഇനി അർജന്റീനയുടെ വിധി തീരുമാനിക്കുന്നത്. അർജന്റീനയ്ക്ക് ഇനി ആകെ ചെയ്യനാവുന്നത് ഒരു വലിയ വിജയം നൈജീരിയക്കെതിരെ സ്വന്തമാക്കുക എന്നത് മാത്രമാണ്. അതിനും സാധിച്ചില്ല എങ്കിൽ മടങ്ങാം അർജന്റീനയ്ക്ക്.