ആരാധകര്‍ക്ക് ആവേശമുയര്‍ത്തി ലയണൽ മെസി അർജന്‍റീനിയന്‍ ദേശീയ ടീമിലേയ്ക്ക് മടങ്ങി

Jaihind Webdesk
Saturday, March 9, 2019

ലോകകപ്പ് ഫുട്‌ബോളിലെ തോൽവിക്കുശേഷം ലയണൽ മെസി അർജന്‍റീനയുടെ ദേശീയ ടീമിൽ തിരിച്ചെത്തി. എട്ടുമാസത്തെ ഇടവേളയ്ക്കുശേഷമുള്ള വരവ് രണ്ട് സൗഹൃദ മത്സരങ്ങൾക്കാണ്.

റഷ്യൻ ലോകകപ്പ് ഫുട്‌ബോളിനുശേഷം ഇതാദ്യമായി ദേശീയ ടീമിൽ സൂപ്പർ താരം ലയണൽ മെസി തിരിച്ചെത്തി. എട്ടു മാസത്തെ ഇടവേളയ്ക്കുശേഷമാണ് ദേശീയ ടീമിലേക്ക് മെസി തിരിച്ചെത്തുന്നത്. വെനസ്വേല, മൊറോക്കോ എന്നിവയ്‌ക്കെതിരായ സൗഹൃദമത്സരങ്ങൾക്കുള്ള 31 അംഗ ടീമിലാണ് താത്കാലിക പരിശീലകൻ മെസിയെ ഉൾപ്പെടുത്തിയത്.

ലോകകപ്പിനുശേഷം അർജന്‍റീന കളിച്ച ആറ് സൗഹൃദ മത്സരങ്ങളിലും മെസിയുണ്ടായില്ല. ജൂണിൽ നടക്കുന്ന കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പിലും മുപ്പത്തൊന്നുകാരന്‍റെ സാന്നിധ്യമുണ്ടാകുമെന്നാണ് പ്രതീക്ഷ. 128 തവണ ദേശീയ കുപ്പായമണിഞ്ഞ മെസി രാജ്യത്തിനായി 65 ഗോളടിച്ചിട്ടുണ്ട്.

2016ൽ വിടവാങ്ങൽ പ്രഖ്യാപിച്ചെങ്കിലും ലോകകപ്പിൽ മെസി തിരിച്ചെത്തി. ദേശീയ കുപ്പായത്തിൽ ഇനി കാണുമോയെന്ന ആശങ്കയ്ക്കിടെയാണ് തിരിച്ചുവരവ്. ഏറെക്കാലത്തിനുശേഷം എയ്ഞ്ചൽ ഡി മരിയയും ടീമിലെത്തി. 22ന് വെനസ്വേലക്കെതിരെയും 26ന് മൊറോക്കോക്കെതിരെയുമാണ് സൗഹൃദ പോരാട്ടങ്ങൾ.