അര്‍ജന്‍റീനയുടെ ഭാവി എന്താകും? നൈജീരിയക്കെതിരായ മത്സരം നിര്‍ണായകം

Jaihind News Bureau
Monday, June 25, 2018

റഷ്യൻ ലോകകപ്പിലെ അർജന്റീനയുടെ തുടർന്നുള്ള മത്സരങ്ങളെ കുറിച്ചാണ് ഏവരും ചർച്ച ചെയ്യുന്നത്.  നൈജീരയുമായി മെസിയും കൂട്ടരും പോരിനിറങ്ങുമ്പോൾ ജയത്തിനപ്പുറം ഒന്നും പ്രതീക്ഷിക്കുന്നുണ്ടാവില്ല.

ലോകത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഫുട്‌ബോൾ ടീം, ലയണൽ മെസിയെ പോലെയുള്ള ലോകോത്തര താരം നയിക്കുന്ന ടീം. കൊട്ടിഘോഷിക്കാൻ പോന്ന പേരും പെരുമയുമായാണ് അർജന്റീന ഓരോ ലോകകപ്പിനും എത്തുന്നത്. പക്ഷെ കളിക്കളത്തിൽ ഈ മികവ് പലപ്പോഴും ദുരന്തമായി മാറും. 2018 ലോകകപ്പും ഇതിൽ വ്യത്യസ്തമല്ല. ആദ്യ മത്സരത്തിൽ ഐസ് ലാൻഡ് പിടിച്ചുകെട്ടിയ അർജന്റീന രണ്ടാം മത്സരത്തിൽ ക്രൊയേഷ്യയോട് വമ്പൻ പരാജയം ഏറ്റുവാങ്ങി.

ഗ്രൂപ്പിൽ നൈജീരിയയുമായുള്ള ഏറ്റുമുട്ടലാണ് യോർഗെ സാംപോളിയുടെ ടീമിന് പെട്ടിയും കിടക്കയുമെടുത്ത് സ്ഥലം കാലിയാക്കണോയെന്ന് തീരുമാനിക്കുന്ന മത്സരം. ആഫ്രിക്കൻ ടീമിനെ മുൻപ് നടന്ന നാല് ലോകകപ്പുകളിലും തോൽപ്പിച്ച ചരിത്രമുണ്ട് അർജന്റീനയ്ക്ക്.

ഇക്കുറി വിജയം ആവർത്തിച്ചാൽ യോഗ്യത ഉറപ്പിക്കാം. നേരത്തെ തന്നെ യോഗ്യത നേടിയ ക്രൊയേഷ്യയെ ഐസ് ലാൻഡ് ഞെട്ടിക്കാൻ സാധ്യതയില്ലെന്നതാണ് വസ്തുത. ഇനി ഐസ് ലാൻഡ് ലോകകപ്പിലെ ആദ്യ വിജയം നേടിയാലും ഗോൾ ശരാശരിയിൽ അർജന്റീനയ്ക്ക് കടന്നുകൂടാം.

ഈ തിരിച്ചുവരവ് ടീമിന് റഷ്യയിൽ പുതിയ ഊർജം സമ്മാനിക്കുമെന്നാണ് പ്രതീക്ഷ. താരങ്ങളും കോച്ചും തമ്മിൽ ഉടക്കാണെന്നൊക്കെ പ്രചരിക്കപ്പെട്ടെങ്കിലും അവസാന ഘട്ടം വരെ സാംപോളി തന്നെയാകും ടീമിന്റെ കോച്ചെന്ന് അർജന്റീന ഫെഡറേഷൻ പ്രസ്താവിച്ചു. അതേസമയം ടീമിനുള്ളിൽ രോഷം നിലനിൽക്കുന്നതായി ഇതിഹാസ താരം ഡീഗോ മറഡോണ ആരോപിച്ചു.

ബാഴ്‌സലോണയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന മെസിക്ക് ഇത് അർജന്റീനയ്ക്കായി കാഴ്ചവെയ്ക്കാൻ കഴിയുന്നില്ലെന്നത് രാജ്യത്ത് വലിയ രോഷത്തിന് കാരണമാകുന്നുണ്ട്. പ്രായം 31 ആയത് കൊണ്ട് തന്നെ ഈ നാണക്കേട് കഴുകിക്കളയാൻ മെസിക്ക് ഏറെ സമയം ബാക്കിയില്ല. അതുകൊണ്ട് തന്നെ അർജന്റീനയെ വിജയിപ്പിക്കേണ്ട ചുമതല മുഴുവൻ സൂപ്പർതാരത്തിന്റെ ചുമലിലാണ്.