യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ പിരിച്ചുവിടാനൊരുങ്ങി കേന്ദ്ര സർക്കാർ. പകരം ഉന്നത വിദ്യാഭ്യാസ കമ്മീഷൻ രൂപീകരിക്കുമെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് കാതലായ മാറ്റങ്ങൾ കൊണ്ടുവരാമെന്ന ഉദ്ദേശത്തോടെയാണ് കേന്ദ്രം യു.ജി.സിക്ക് പകരം പുതിയ സംവിധാനത്തിന് രൂപം നൽകുന്നത്. ഇതിനായുള്ള കരട് നിയമം ഉടൻ പുറത്തിറക്കുമെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കർ അറിയിച്ചു.
ഉന്നത വിദ്യാഭ്യാസ കമ്മീഷൻ എന്നായിരിക്കും പുതിയ സംവിധാനം അറിയപ്പെടുക. യൂണിവേഴ്സിറ്റികളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും അക്കാദമിക് കാര്യങ്ങളിൽ മാത്രമായിരിക്കും കമ്മീഷൻ ശ്രദ്ധ കേന്ദ്രീകരിക്കുക. യൂണിവേഴ്സിറ്റികൾക്ക് നൽകി വരുന്ന ഗ്രാന്റുകളും മറ്റും ഇനിമുതൽ വരിക എച്ച്.ആർ.ഡി മന്ത്രാലയത്തിന് കീഴിലായിരിക്കും. അതേസമയം വ്യാജ സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാനും അക്കാദമിക നിലവാരം ഉയർത്താനുമുള്ള അധികാരം കമ്മീഷനുണ്ടാകും.
നിലവിൽ വ്യാജ സ്ഥാപനങ്ങളുടെ പട്ടിക യു.ജി.സിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും അവർക്കെതിരെ നിയമനടപടിയെടുക്കാൻ യു.ജി.സിക്ക് അധികാരമില്ല. പുതിയ കരട് നിയമ പ്രകാരം ഇപ്രകാരമുള്ള വ്യാജ സ്ഥാപനങ്ങൾക്കെതിരെ ക്രിമിനൽ നടപടി പ്രകാരം കേസെടുക്കാനും ഉന്നത വിദ്യാഭ്യാസ കമ്മീഷന് അധികാരം ലഭിക്കും.
12 അംഗങ്ങളായിരിക്കും കമ്മീഷനിലുണ്ടായിരിക്കുക. ജൂലൈ 18ന് തുടങ്ങുന്ന വർഷകാല സമ്മേളനത്തിൽ ബിൽ പാർലമെന്റില്‍ അവതരിപ്പിക്കും. ബിൽ പാസാകുന്നതോടെ 1956ൽ രൂപികരിച്ച യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ ഇല്ലാതാകും.