സര്‍ജിക്കല്‍ സ്ട്രൈക്ക് വാര്‍ഷികം; വിവാദ സര്‍ക്കുലറുമായി UGC

Jaihind Webdesk
Friday, September 21, 2018

ir

പാക് അതിര്‍ത്തി കടന്ന് ഭീകര കേന്ദ്രങ്ങളിലേക്ക് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന്റെ ഒന്നാം വാര്‍ഷികം എല്ലാ സര്‍വകലാശാല കേന്ദ്രങ്ങളിലും ആഘോഷിക്കണമെന്ന് യു.ജി.സിയുടെ വിവാദ സര്‍ക്കുലര്‍. സെപ്തംബര്‍ 29ന് സര്‍ജിക്കല്‍ സ്ട്രൈക്ക് ദിനമായി ആചരിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. യു.ജി.സിയുടെ വിവാദ സർക്കുലറിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി.

സര്‍വകലാശാലകളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാര്‍ഥികള്‍ അന്നേ ദിവസം രാജ്യത്തിന്റെ സൈന്യത്തിന് പിന്തുണ അറിയിച്ചുകൊണ്ട് പ്രതിജ്ഞ എടുക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. സര്‍വകലാശാലയിലെ എന്‍.സി.സി യൂണിറ്റുകള്‍ പ്രത്യേക പരേഡുകള്‍ നടത്തണമെന്നും രാജ്യത്തെ എല്ലാ സര്‍വകലാശാല വൈസ് ചാന്‍സിലര്‍മാര്‍ക്കും അയച്ച കത്തില്‍ യുണിവേഴ്സിറ്റി ഗ്രാന്‍റ് കമ്മീഷന്‍ നിര്‍ദേശിക്കുന്നു. അതിര്‍ത്തി സംരക്ഷിക്കുന്നതിനെ കുറിച്ച്‌ എന്‍.സി.സി കമാന്‍ഡര്‍ പ്രഭാഷണം നടത്തണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സായുധ സേനകള്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് കാര്‍ഡ് അയക്കാനും വിവാദ സര്‍ക്കുലറില്‍ യു.ജി.സി ആവശ്യപ്പെടുന്നു.

എന്നാല്‍ രണ്ട് ദിവസം മുമ്പ് പുറത്ത് വന്ന ഈ സര്‍ക്കുലറിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. യു.ജി.സിയുടെ ഇത്തരത്തിലൊരു സര്‍ക്കുലര്‍ ഞെട്ടിക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കപില്‍ സിബല്‍ പറഞ്ഞു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ യു.ജി.സി ഇത്തരത്തിലൊരു സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ടോ എന്നത് സംശയമാണ്. ഇത്തരം സര്‍ക്കുലറുകള്‍ രാജ്യത്തിന് നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു.

മോദി സര്‍ക്കാര്‍ അധികാരമേറ്റതുമുതല്‍ രാജ്യത്തെ ഉന്നതവിദ്യാഭ്യാസത്തിന്‍റെ ചുമതലയുള്ള യു.ജി.സിയില്‍ സര്‍ക്കാരിന്‍റെ അനധികൃത ഇടപെടലുകള്‍ ഉണ്ടെന്ന ആരോപണത്തെ ശരിവെക്കുന്നതാണ് നിലവില്‍ പുറത്തിറങ്ങിയ സര്‍ക്കുലര്‍.