മഴ പെയ്യരുതേയെന്ന പ്രാർഥനയോടെ ബാങ്കോക്ക്. മഴ പെയ്യാത്തപക്ഷം തം ലുവാംങ് ഗുഹാ സമുച്ചയത്തിൽ അകപ്പെട്ട കുട്ടികളെ അധികം വൈകാതെ ഘട്ടംഘട്ടമായി പുറത്തെത്തിക്കാനായേക്കുമെന്നാണു പ്രതീക്ഷയിലാണ് രക്ഷാപ്രവർത്തകർ.
രണ്ടുദിവസമായി മഴ പെയ്യാത്തതിനാൽ ശക്തിയേറിയ പ കൾ ഉപയോഗിച്ച് വെള്ളം വറ്റിക്കാനായി. ഇപ്പോൾ ജലനിരപ്പ് 40 ശതമാനത്തോളം കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്. മഴ പെയ്താൽ വീണ്ടും ഗുഹയിൽ ജലനിരപ്പ് ഉയരും.
ശനിയാഴ്ചയ്ക്കുശേഷം ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ ഏജൻസികളുടെ പ്രവചനം. ഗുഹാമുഖത്തുനിന്ന് ഒന്നര കിലോമീറ്റർ ദൂരം ഉള്ളിലേക്ക് നടന്നെത്താൻ ഇപ്പോൾ കഴിയും. പ്രവേശനകവാടത്തിൽനിന്ന് നാലു കിലോമീറ്റർ ഉള്ളിലാണ് കുട്ടികളുള്ളത്. മെഡിക്കൽ സംഘവും കൗൺസിലർമാരും മുങ്ങൽ വിദഗ്ധരും കുട്ടികൾക്കൊപ്പമുണ്ട്. മഴ പെയ്യാതിരുന്നാൽ കുട്ടികൾക്ക് നടന്നുതന്നെ പുറത്തെത്താൻ കഴിയുമെന്നാണ് രക്ഷാപ്രവർത്തകരുടെ നിഗമനം. അതോടൊപ്പംതന്നെ നീന്തലും മുങ്ങാംകുഴിയിടലും പഠിപ്പിച്ച് കുട്ടികളെ പുറത്തെത്തിക്കാനുള്ള പദ്ധതിയും നടപ്പാക്കിവരുകയാണ്.
ഗുഹയ്ക്കുള്ളിൽ കനത്ത ചൂടാണ്. പല സ്ഥലങ്ങളിലും ചെളി നിറഞ്ഞു കിടക്കുകയുമാണ്. എന്നിരുന്നാലും രക്ഷാപ്രവർത്തനത്തിൻ വേഗതയിൽ കുറവു വരുത്തിയിട്ടില്ല. മഴ തുടങ്ങിയാൽ രക്ഷാപ്രവർത്തനം പ്രതീക്ഷിച്ച വേഗത്തിൽ നടക്കില്ലെന്ന തിരിച്ചറിവ് എല്ലാവർക്കുമുണ്ട്. ഫുട്ബോൾ സംഘത്തിലെ 12 അംഗങ്ങളും കോച്ചും ജൂൺ 23നാണ് ഗുഹയിൽ കുടുങ്ങിയത്.