തായ്‌ലൻഡിൽ നിന്ന് ആശ്വാസവാർത്ത; ഗുഹയില്‍ കുടുങ്ങിയ നാല് കുട്ടികളെ പുറത്തെത്തിച്ചു

Jaihind News Bureau
Monday, July 9, 2018

തായ്‌ലൻഡിലെ താം ലുവാംഗ് ഗുഹയ്ക്കുള്ളിൽ കുടുങ്ങിയ 12 കുട്ടികളിൽ നാല് പേരെ ഗുഹയിൽ നിന്നും പുറത്തെത്തിച്ചു. രക്ഷപ്പെടുത്തിയ കുട്ടികളെ ചിയാംഗ് റായ് പ്രവിശ്യയിലെ ആശുപത്രിയിലേക്ക് മാറ്റി. അവശേഷിക്കുന്ന 9 പേരെ രക്ഷപെടുത്താനുള്ള തീവ്രശ്രമം തുടരുകയാണ്. 18 മുങ്ങല്‍വിദഗ്ധര്‍ ഉള്‍പ്പെടുന്ന സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കുന്നത്. അഞ്ച് തായ് മുങ്ങൽ വിദഗ്ധരും 13 രാജ്യാന്തര നീന്തൽ സംഘത്തിലെ അംഗങ്ങളും ഉള്‍പ്പെടുന്നതാണ് ദൌത്യസംഘം. കൂടാതെ 90 മുങ്ങല്‍‌ വിദഗ്ധര്‍ സേവനസന്നദ്ധരായി  എപ്പോഴുമുണ്ട്.

രക്ഷാപ്രവര്‍ത്തനം പുലര്‍ച്ചെ പുനരാരംഭിച്ചിട്ടുണ്ട്. അത്യധികം ക്ലേശകരമായ ദൌത്യമായതിനാല്‍ മുങ്ങല്‍വിദഗ്ധര്‍ക്ക് ഒരു ഘട്ടം പൂര്‍ത്തിയാക്കിയാല്‍ കുറഞ്ഞത് 10 മണിക്കൂറെങ്കിലും വിശ്രമം ആവശ്യമാണെന്ന് രക്ഷാദൌത്യത്തിന്‍റെ തലവന്‍ വ്യക്തമാക്കി.

ഗുഹയില്‍ അവശേഷിക്കുന്ന എട്ട് കുട്ടികളും കോച്ചും ഗുഹയ്ക്കുള്ളിലെ ഉയര്‍ന്ന പ്രദേശത്തുതന്നെയാണ് ഇപ്പോഴുള്ളത്. ചിയാംഗ് റായ് പ്രവിശ്യയിലെ പട്ടായ ബീച്ച് ഉള്‍പ്പെടുന്ന പ്രദേശത്തോളം ഗുഹയ്ക്ക് ദൈര്‍ഘ്യമുണ്ട്.

മുഖം മുഴുവന്‍ മറയ്ക്കുന്ന തരത്തിലുള്ള സ്കൂബ മാസ്ക് ധരിപ്പിച്ച ശേഷമാണ് ഗുഹയില്‍ കുടുങ്ങിയവരെ പുറത്തേക്ക് എത്തിക്കുന്നത്. ഇവര്‍ തങ്ങിയിരിക്കുന്ന സ്ഥലത്തുനിന്ന് ഏകദേശം 3.2 കിലോ മീറ്റര്‍ ദൂരം അതീവ ദുര്‍ഘടവും ചെളിയും കൂര്‍ത്ത പാറകളും നിറഞ്ഞ പ്രദേശമാണ്. ഈ ഭീഷണിപ്രദേശം മറികടക്കാന്‍ ഓരോരുത്തരും സ്വന്തം നിലയില്‍ തന്നെ പ്രയത്നിക്കേണ്ടതുണ്ട്. മാസ്ക് ധരിച്ച കുട്ടികളെ മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെയാണ് പുറത്തേക്ക് നയിക്കുന്നത്. ഇത് അത്യന്തം ക്ലേശകരമായ പ്രവര്‍ത്തനമാണ്. ഗുഹയിലെ അതീവ ദുര്‍ഘടമായ പ്രദേശങ്ങള്‍ താണ്ടി കുട്ടികളെ പുറത്തെത്തിക്കാന്‍ നിരവധി മണിക്കൂറുകളാണ് വേണ്ടത്.

ഗുഹാപരിസരത്ത് കുറച്ച് ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയ്ക്ക് ശമനമുണ്ട്. അതുകൊണ്ട് തന്നെ ഗുഹയ്ക്കുള്ളിലെ ജലനിരപ്പും കുറയുകയാണ്. രക്ഷാപ്രവർത്തന ദൗത്യം പൂർത്തിയാക്കാൻ ഏറ്റവും അനുകൂല സാഹചര്യമാണ് ഇതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അടുത്ത മഴയ്ക്ക് മുൻപ് രക്ഷാപ്രവർത്തനം വേഗത്തിലാക്കാനുള്ള നടപടികള്‍ക്ക് തയാറെടുക്കുകയാണ് അധികൃതര്‍.

3 മാസത്തേക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങൾ ഇതിനോടകം ഗുഹയ്ക്കത്തേക്ക് എത്തിച്ചിട്ടുണ്ട്. മഴ വന്നാൽ ഗുഹയ്ക്കുള്ളിലേയ്ക്ക് വെള്ളമിറങ്ങാന്‍ സാധ്യതയുള്ള വിടവുകൾ മൂടാനുള്ള ശ്രമം തുടരുകയാണ്. ഈ വിടവുകളിലേക്ക് ഒഴുകിയെത്തുന്ന നീര്‍ച്ചാലുകള്‍ വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. അതേസമയം ഗുഹയ്ക്കുള്ളിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് പുറത്തേക്ക് കളയാനുള്ള ശ്രമങ്ങളും ഊർജിതമായി തുടരുകയാണ്.