നോട്ട് നിരോധനത്തിന് പിന്നാലെ ഏറ്റവും കൂടുതൽ പഴയ നോട്ടുകൾ നിക്ഷേപിക്കപ്പെട്ടത് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ ഡയറക്ടറായ സഹകരണ ബാങ്കിലെന്ന് വിവരാവകാശ രേഖ.
പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് നിരോധനം പ്രഖ്യാപിച്ച് അഞ്ച് ദിവസത്തിനകം 745. 59 കോടി രൂപയാണ് അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിൽ നിക്ഷേപിക്കപ്പെട്ടത്. നവംബർ 14ന് സഹകരണ ബാങ്കുകൾ പഴയനോട്ടുകൾ നിക്ഷേപിക്കുന്നതിന് നിയനന്ത്രണം ഏർപ്പെടുത്തി സർക്കാർ ഉത്തരവ് വരുന്നതിന് മുൻപാണ് അമിത് ഷായുടെ ബാങ്കിൽ കോടികൾ നിക്ഷേപിക്കപ്പെട്ടത്.
സഹകരണബാങ്കുകളിലൂടെ കള്ളപ്പണം വെളുപ്പിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അഞ്ചാം ദിവസം കേന്ദ്രസർക്കാർ നിയന്ത്രണം ഏർപ്പെടത്തിയത്. ഇത് കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വലിയ വിവദമുണ്ടാക്കിയിരുന്നു.
വർഷങ്ങളായി ബാങ്ക് അഹമ്മദാബാദ് ജില്ലാ സഹകരണബാങ്കിന്റെ ഡയറ്ക്ടറാണ് അമിത് ഷാ. 2000ത്തിൽ ഈ ബാങ്കിന്റെ ചെയർമാനായും അമിത് ഷാ സേവനം അനുഷ്ഠിച്ചിരുന്നു. 2017 മാർച്ച് 31വരെ ഈ ബാങ്കിന്റെ ആകെ നിക്ഷേപം 5050 കോടി രൂപയാണ്. 2016-17 വർഷത്തെ ബാങ്കിന്റെ മൊത്തലാഭം 14. 31 കോടി രൂപയാണ്.
അഹമ്മദാബാദ് ബാങ്കിന് പുറമെ രാജ്കോട്ട് ജില്ലാ സഹകരണ ബാങ്കിൽ അഞ്ച് ദിവസത്തിനുള്ളിൽ നിക്ഷേപിക്കപ്പെട്ടത് 693.19 കോടിയാണ്. ഈ ബാങ്കിന്റെ ചെയർമാനായ ജയേഷ്ബായ് വിത്തൽഭായ് റാഡിയ വിജയ് റൂപാനി മന്ത്രിസഭയിലെ ക്യാബിനറ്റ് മന്ത്രിയാണ്.
നോട്ട് നിരോധനം ഏർപ്പെടുത്തിയതിനെ തുടർന്ന് സഹകരണബാങ്കുകളെ ഇടപാടുകളിൽ നിന്നും വിലക്കിയ കാലയളവിൽ ഗുജറാത്തിലെ 18 ജില്ലാ ബാങ്കുകളിലും അതിന്റെ ആയിരത്തിലേറെ വരുന്ന ശാഖകളിലുമായി വലിയ നിക്ഷേപമാണ് ഉണ്ടായതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് മുംബൈയിലെ വിവരാവകാശ പ്രവർത്തകൻ വിവരാവകാശ നിയമപ്രകാരം പരാതി നൽകിയത്