തലസ്ഥാനത്ത് ബിജെപിയില്‍ കൊഴിഞ്ഞുപോക്ക്; യുവമോർച്ച നേതാക്കൾ കൂട്ടത്തോടെ കോൺഗ്രസിലേക്ക്

 

തിരുവനന്തപുരത്ത് ബിജെപിയില്‍ കൊഴിഞ്ഞുപോക്ക്.  യുവമോർച്ച നേതാക്കൾ കോൺഗ്രസില്‍ അംഗത്വമെടുക്കും. യുവമോർച്ച സംസ്ഥാന സമിതിയംഗം രാജാജി മഹേഷും യുവമോർച്ച മുൻ ജില്ലാ സെക്രട്ടറി പ്രശോഭും അടക്കം 20ലധികം പേരാണ് പാര്‍ട്ടിയില്‍ അംഗത്വമെടുക്കുന്നത്.  കഴിഞ്ഞദിവസം  കെപിസിസി ആസ്ഥാനത്ത് പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനുമായി ഇവർ കൂടിക്കാഴ്ച നടത്തിയിരുന്നു. കോൺഗ്രസ്‌ നേതാക്കളായ തമ്പാനൂർ രവിയേയും വി എസ് ശിവകുമാറിനെയും കണ്ട ഇവർ ഉമ്മൻ ചാണ്ടിയുടെ വീട്ടിലെത്തി അദ്ദേഹവുമായും സംസാരിച്ചു.

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്‍റ് എൻ എസ് നുസൂർ, ജില്ല പ്രസിഡന്‍റ് സുധീർഷാ പാലോട്, സെക്രട്ടറി അബീഷ് മണക്കാട് എന്നിവരുടെ നേതൃത്വത്തിലാണ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രി ആയിരുന്ന സമയം യുവമോർച്ച നടത്തിയ സമരത്തിന്‍റെ ഭാഗമായി ഉമ്മൻ ചാണ്ടിയെ വഴിയിൽ തടഞ്ഞ കേസിൽ ഇരുവരും പ്രതികളായിരുന്നു. മതേതര ആശയമുൾക്കൊണ്ടു കടന്നുവന്നവരെ പാർട്ടിയിലേക്ക് നേതാക്കൾ സ്വാഗതം ചെയ്തു. ഇന്ന് ഇരുവരും ബിജെപി നേതൃത്വത്തിന് രാജിക്കത്ത് നൽകി. വൈകുന്നേരം കന്‍റോണ്‍മെന്‍റ് വസതിയിലെത്തിയ നേതാക്കളെ പ്രതിപക്ഷനേതാവ് രമേശ്‌ ചെന്നിത്തല  സ്വാഗതം ചെയ്തു.

ഇതിനിടെ പല പ്രാവശ്യം ബിജെപി നേതൃത്വം സമ്മർദ്ദതന്ത്രങ്ങൾ പ്രയോഗിച്ചെന്ന് പാർട്ടിവിട്ടവർ പറയുന്നു . തൊട്ടടുത്തദിവസം തന്നെ പാർട്ടി മെമ്പർഷിപ് എടുക്കുമെന്നും തങ്ങളുടെ വരവ് ബിജെപിക്കു കനത്ത നഷ്ടം ഉണ്ടാക്കുമെന്നും ഇവർ പറയുന്നു. ഇവരോടൊപ്പം കഴിഞ്ഞ തവണ തമ്പാനൂർ വാർഡ് ബിജെപി സ്ഥാനാർത്ഥിയായിരുന്ന അമൃതയും കോൺഗ്രസ് മെമ്പർഷിപ് എടുക്കുന്നുണ്ട്.

Comments (0)
Add Comment