ആവേശോജ്ജ്വല സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി യൂത്ത് കോൺഗ്രസിന്‍റെ സ്വാഭിമാനയാത്രയ്ക്ക് സമാപനം

നീതിയെ കൊല്ലുന്ന മോദി-യോഗി ഭരണകൂട ഭീകരതക്കെതിരെ എന്ന മുദ്രാവാക്യമുയർത്തി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന സ്വാഭിമാനയാത്ര സമാപിച്ചു. ഇന്നലെ ആലുവ അദ്വൈതാ ശ്രമത്തിൽ നിന്ന് തുടങ്ങിയ യാത്ര 50 കിലോമീറ്റർ കാൽ നടയായി സഞ്ചരിച്ചു കോട്ടയം വൈക്കം സത്യാഗ്രഹ ഭൂമിയിൽ സമാപിച്ചു.

ഇന്നലെ ആലുവയിൽ നിന്ന് തുടങ്ങിയ യാത്ര ഇന്ന് ഉച്ചയോടെയാണ് കോട്ടയം ജില്ലയിൽ പ്രവേശിച്ചത്. ഇരിക്കൂർ എംഎൽഎ കെസി ജോസഫ് യാത്രയെ കോട്ടയം ജില്ലയിലേക്ക് സ്വീകരിച്ചു.

തുടർന്ന് കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചു യൂത്ത് കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷനും, ഉപാധ്യക്ഷൻമാരും ഉൾപ്പടെ 20 പേർ കാൽനടയായി സഞ്ചരിച്ചാണ് വൈകിട്ട് 7 മണിയോടെ സ്വാഭിമാന യാത്ര കോട്ടയം വൈക്കം സത്യാഗ്രഹ ഭൂമിയിൽ സമാപിച്ചത്.

രാജ്യത്ത് സ്ത്രീകൾക്കും ദളിതർക്കുമെതിരായി ചരിത്രത്തിൽ സമാനതകളില്ലാത്ത രീതിയിൽ അതിക്രമങ്ങൾ ഉണ്ടായിട്ടും പ്രധാന മന്ത്രി അതിനെതിരെ ഒരക്ഷരം മിണ്ടാത്തത് പേടി കൊണ്ടാണെന്ന് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ പറഞ്ഞു.

സർക്കാരിന് എതിരായിട്ടുള്ള യുവാക്കളുടെ വലിയ പ്രതിഷേധമാണ് ജാഥയ്ക്ക ലഭിച്ച സ്വീകാര്യതയെന്നും കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ വ്യക്തമാക്കി. യൂത്ത് കോൺഗ്രസ്‌ ഭാരവാഹികൾക്ക് പുറമെ അൻവർ സാദത്ത് എംഎൽഎ, ഹൈബി ഈഡൻ എംപി, ഡീൻ കുര്യാക്കോസ് എംപി, വി.ടി ബൽറാം എംഎൽഎ, റോജി എം ജോൺ എംഎൽഎ, കോട്ടയം ഡി സി സി പ്രസിഡന്‍റ് ജോഷി ഫിലിപ്പ്, കെപിസിസി ഭാരവാഹികളായ പി.ആർ. സോനാ, ടോണി ചമ്മണി തുടങ്ങിയവർ ജാഥയുടെ ഭാഗമായി. യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ റിജിൽ മാക്കുറ്റി, റിയാസ് മുക്കോളി, എസ് എം ബാലു, എസ് കെ പ്രേംരാജ്, ശോഭ സുബിൻ, ബിനു ചുള്ളിയിൽ തുടങ്ങിയവർ ജാഥയ്ക്ക് നേതൃത്വം നൽകിയത്.

Comments (0)
Add Comment