നെഹ്റു കുടുംബത്തിനെതിരായ വിവാദ പരാമർശം: എസ് രാജേന്ദ്രന്‍ എം.എല്‍.എക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

Jaihind News Bureau
Tuesday, December 3, 2019

നെഹ്‌റു കുടുംബത്തെ അതിക്ഷേപിച്ച ദേവികുളം എം.എല്‍.എ എസ് രാജേന്ദ്രന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാറില്‍ യൂത്ത് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധം. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം ഡി.സി.സി ജനറല്‍ സെക്രട്ടറി ജി മുനിയാണ്ടി ഉദ്ഘാടനം ചെയ്തു.

ഐ.എന്‍.ടി.യു.സി ഓഫീസില്‍ നിന്നും പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ മൂന്നാര്‍ ടൗണില്‍ ദേവികുളം എം.എല്‍.എ എസ് രാജേന്ദ്രന്‍റെ കോലം കത്തിച്ചു. നെഹ്‌റു കുടുംബത്തെ അധിക്ഷേപിച്ച എം.എല്‍.എ രാജിവെക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എന്തെങ്കിലും പറഞ്ഞ് പേര് ലഭിക്കുന്നതിനായി മണ്ടത്തരങ്ങള്‍ മാത്രമാണ് രാജേന്ദ്രന്‍ പറയുന്നത്. അത് നെഹ്‌റുവിന്‍റെ കുടുംബത്തെ കുറിച്ച് വേണ്ടെന്നും മാപ്പ് പറഞ്ഞില്ലെങ്കില്‍ റോഡില്‍ നടക്കാന്‍ സമ്മതിക്കില്ലെന്നും ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് ഡി കുമാര്‍ പറഞ്ഞു.

ഇന്നലെ മൂന്നാറില്‍ സി.പി.എം നടത്തിയ നയവിശദീകരണ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു എസ് രാജേന്ദ്രന്‍ എം.എല്‍.എയുടെ വിവാദ പരാമർശം. നെഹ്‌റുവിന്‍റെ കുടുംബത്തില്‍ ഗാന്ധിയെന്ന പേര് എങ്ങനെ എത്തിയെന്നും പാരമ്പര്യമായി നെഹ്‌റുവിന്‍റെ കുടുംബക്കാര്‍ മോഷ്ടാക്കളാണെന്നുമായിരുന്നു എസ് രാജേന്ദ്രന്‍ എം.എല്‍.എ പറഞ്ഞത്. എം.എല്‍.എയുടെ പ്രസ്താവന വിവാദമായെങ്കിലും പാര്‍ട്ടി പ്രതികരിക്കാന്‍ തയാറായിട്ടില്ല. യൂത്ത് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധത്തില്‍ ബ്ലോക്ക് പ്രസിഡന്‍റ് ഡി കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സി നെല്‍സന്‍, മുകേഷ് തുടങ്ങിയ നിരവധി നേതാക്കള്‍ പങ്കെടുത്തു.