മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം, ലാത്തിച്ചാര്‍ജ്; മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്നാ സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലിന് പിന്നാലെ സംസ്ഥാനമൊട്ടാകെ പ്രതിഷേധം.  മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു.

തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിന് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. ബിരിയാണി ചെമ്പ് തലയിലേന്തി എത്തിയ പ്രവർത്തകർ ബാരിക്കേഡ് മറി കടക്കാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ലാത്തിച്ചാർജിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് വിൽസൺ റോബിൻസന് പരിക്കേറ്റു. തുടർന്ന് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.

 

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കണ്ണൂർ കലക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഡിസിസി ഓഫീസിൽ നിന്നാരംഭിച്ച പ്രകടനം കലക്ട്രേറ്റിന് മുന്നിൽ പോലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. മാർച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് സുധീപ് ജെയിംസ് സംസ്ഥാന ഭാരവാഹികളായ കെ കമൽജിത്, വിനേഷ് ചുള്ളിയാൻ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി. മലപ്പുറത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകരും മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.

Comments (0)
Add Comment