തിരുവനന്തപുരത്ത് നടന്ന ഷാപ്പ് ലേലത്തിനെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

Jaihind News Bureau
Thursday, March 19, 2020

കൊവിഡ് 19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഏർപ്പെടുത്തിയ വിലക്ക് ലംഘിച്ച് തിരുവനന്തപുരത്ത് നടന്ന ഷാപ്പ് ലേലത്തിനെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. നൂറുകണക്കിനാളുകള്‍ പങ്കെടുത്ത ലേലം യൂത്ത് കോണ്‍ഗ്രസ്സ് തടസ്സപ്പെടുത്തിയെങ്കിലും, പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കിയ ശേഷം ലേല നടപടികള്‍ വീണ്ടും തുടർന്നു.

കൊറോണ പശ്ചാത്തലത്തിൽ സർക്കാർ പുറപ്പെടുവിച്ച ജാഗ്രതാ നിർദേശങ്ങൾ കാറ്റിൽ പറത്തിയാണ് പല ജില്ലകളിലും ഷാപ്പുലേലം പുരോഗമിക്കുന്നത്. ആൾക്കൂട്ടം ഒഴിവാക്കുന്നതിനായി നിയന്ത്രണങ്ങൾ കർശനമാക്കിയെങ്കിലും തിരുവനന്തപുരം കളക്ടറേറ്റില്‍ രണ്ടാം ദിവസവും ലേലം തുടർന്നു. സംസ്ഥാനത്ത് ജാഗ്രതാ നിർദേശങ്ങള്‍ തുടരുമ്പോള്‍ നിയന്ത്രണങ്ങള്‍ പാലിക്കാന്‍ അധികൃതരും തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സ് രംഗത്തെത്തി. ഷാപ്പ് ലേലം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്‍റ് എന്‍ എസ് നുസൂറിന്‍റെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിനു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.

പ്രതിഷേധക്കാരുമായി ഡെപ്യൂട്ടി കലക്ടർ സമവായ ചർച്ച നടത്തിയെങ്കിലും ലേലം നിർത്തിവെക്കണമെന്ന നിലപാടില്‍ പ്രവർത്തകർ ഉറച്ചു നിന്നു. പ്രതിഷേധം തുടർന്ന പ്രവർത്തകരെ ഒടുവില്‍ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.

https://www.facebook.com/KeralaPradeshYouthCongressOfficial/videos/2645768375532908/