ഉമ്മന്‍ ചാണ്ടിയുടെ നിയമസഭ സാമാജികത്വത്തിന്‍റെ സുവര്‍ണ്ണ ജൂബിലിയില്‍ യൂത്ത് കോണ്‍ഗ്രസിന്‍റെ കാരുണ്യ സ്പർശം; ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്തു

Jaihind News Bureau
Thursday, September 24, 2020

ചങ്ങനാശ്ശേരി : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിയമസഭ പ്രവേശന സുവർണ ജൂബിലിയോടനുബന്ധിച്ചു യൂത്ത് കോൺഗ്രസ്‌ ചങ്ങനാശ്ശേരി നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്തു. കാരുണ്യ സ്പർശം – 2020 എന്ന പദ്ധതിയുടെ ഭാഗമായാണ് സഹായം നൽകുന്നത്.

കോൺഗ്രസ്‌ നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ നിയമസഭ പ്രവേശന സുവർണ ജൂബിലിയോടനുബന്ധിച്ചു ഒരു വർഷം നീണ്ടു നിൽക്കുന്ന നിരവധി കാരുണ്യ പ്രവർത്തനങ്ങളാണ് യൂത്ത് കോൺഗ്രസിന്‍റെ ആഭിമുഖ്യത്തിൽ നടത്തുന്നത്. ഇതിന്‍റെ ഭാഗമായി ചെത്തിപ്പുഴ സെന്‍റ് തോമസ് ഹോസ്പിറ്റലുമായി സഹകരിച്ചു നിർധനരായ 20 ഡയാലിസസ് രോഗികൾക്കു ഒരു വർഷത്തേക്ക് ഡയാലിസിസ് കിറ്റുകൾ സൗജന്യമായി നൽകുകയാണ്.

പ്രസ്തുത പദ്ധതി ചെത്തിപ്പുഴ സെന്‍റ് തോമസ് ഹോസ്പിറ്റലിൽ വച്ചു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. വി.എസ് ജോയ്‌ ഹോസ്പിറ്റൽ ഡയറക്ടർ ഫാ.തോമസ് മംഗലത്തിനു തുക നൽകി ഉൽഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്‍റ്‌ സോബിച്ചൻ കണ്ണമ്പള്ളി അധ്യക്ഷത വഹിച്ചു.