സംസ്ഥാനത്ത് വർഗ്ഗീയത ആളിക്കത്തിക്കാൻ മുഖ്യമന്ത്രി ശ്രമം നടത്തുന്നു : രമേശ് ചെന്നിത്തല

Jaihind Webdesk
Sunday, November 11, 2018

K-Muraleedharan-RameshChennithala

സർക്കാർ ബോധപൂർവ്വം ശബരിമല തീർത്ഥാടനത്തെ അട്ടിമറിക്കുകയാണെന്നും സംസ്ഥാനത്ത് വർഗ്ഗീയത ആളിക്കത്തിക്കാൻ മുഖ്യമന്ത്രി ശ്രമം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അനാവശ്യമായ കുപ്രചരണങ്ങളാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും ആചാരങ്ങളെ ദുരാചാരങ്ങളായി മാറ്റുകയാണ് മുഖ്യമന്ത്രിയെന്നും കെപിസിസി പ്രചാരണ വിഭാഗം ചെയർമാൻ കെ.മുരളീധരനും വ്യക്തമാക്കി.

വിശ്വാസം സംരക്ഷണത്തിന്‍റെ ആവശ്യകത വ്യക്തമാക്കിയായിരുന്നു കെപിസിസി പ്രചാരണ വിഭാഗം ചെയർമാൻ കെ.മുരളീധരൻ നയിക്കുന്ന പ്രചരണ പദയയാത്രക്ക് തുടക്കം കുറിച്ചത്. തലസ്ഥാന നഗരിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യാത്ര ഉദ്ഘാടനം ചെയ്ത് ജാഥ ക്യാപ്റ്റൻ കെ മുരളീധരന് പതാക കൈമാറി.

ശബരിമല തീർത്ഥാടനത്തിനോട് സർക്കാരിന് അലർജിയാണ്. സംസ്ഥാനം ഭരിക്കുന്നത് തലതിരിഞ്ഞ സർക്കാരാണെന്നും ആർഎസ്.എസ്സിനെ വളർത്താൻ സംസ്ഥാന സർക്കാർ കൂട്ടുനിൽകുകയാണെന്നും വർഗ്ഗീയത പ്രചരിപ്പിക്കുന്ന മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

വത്സൻ തില്ലങ്കേരിയെ നിയന്ത്രിക്കാൻ കഴിയാത്ത മുഖ്യമന്ത്രി എങ്ങനെയാണ് ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതെന്നും ലോക് നാഥ് ബഹ്റ പോലീസ് മേധാവി ആയിരുന്നാൽ ആർ.എസ്.എസ്സിന് പോലീസ് സംരക്ഷണം നൽകുമെന്നും പകൽ കമ്മ്യൂണിസം പ്രചരിപ്പിക്കുകയും രാത്രി ആർ.എസ്.എസുമായി കുട്ടുചേരുകയുമാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും കെ-മുരളീധരൻ കുറ്റപ്പെടുത്തി.