ചരിത്രം കുറിച്ച് നീരജ് ചോപ്ര; ലോക അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വർണ്ണം

Jaihind Webdesk
Monday, August 28, 2023

ബുഡാപെസ്റ്റ്: ചരിത്രമെഴുതി ലോക അത്‌ലറ്റിക്സ് പുരുഷ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്കു സ്വർണ്ണം. ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ രാജ്യത്തിന് സ്വർണ്ണമെഡല്‍ നേടിക്കൊടുത്ത ആദ്യ താരം കൂടിയായി നീരജ്. ഫൈനലിലെ രണ്ടാം ത്രോയിൽ 88.17 മീറ്ററോടെയാണ് നീരജ് സ്വർണ്ണനേട്ടം കരസ്ഥമാക്കിയത്.

87.82 മീറ്ററോടെ പാകിസ്താന്‍റെ അര്‍ഷാദ് നദീമിനാണ് വെള്ളി. ചെക്ക് റിപ്പബ്ലിക്കിന്‍റെ യാക്കുബ് വാല്‍ദെ (86.67 മീറ്റർ) മൂന്നാം സ്ഥാനത്തെത്തി. ഫൈനലിലെ മറ്റു ഇന്ത്യൻ താരങ്ങളായ കിഷോർ കുമാർ ജന അഞ്ചാം സ്ഥാനത്തും (84.77 മീറ്റർ) ഡി.പി. മനു (84.14 മീറ്റർ) 6–ാം സ്ഥാനത്തുമെത്തി.  ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും ഒളിമ്പിക്‌സിലും സ്വര്‍ണ്ണ മെഡലെന്ന അത്യപൂര്‍വ നേട്ടവും നീരജ് ചോപ്ര സ്വന്തം പേരില്‍ കുറിച്ചു. ഈ നേട്ടം സ്വന്തമാക്കിയ മൂന്നാമത്തെ ജാവലിൻ ത്രോ താരവുമായി നീരജ് ചോപ്ര.

ഫൗളോടെ തുടങ്ങിയ നീരജ്, രണ്ടാം ശ്രമത്തില്‍ സ്വർണ്ണദൂരം കുറിക്കുകയായിരുന്നു. 88.17 മീറ്റർഎറിഞ്ഞാണ് നീരജ് സ്വർണ്ണം വീഴ്ത്തിയത്. 2022 ല്‍ യൂജിനില്‍ നടന്ന ലോക അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ നീരജ് ചോപ്ര രണ്ടാമനായിരുന്നു. 88.13 മീറ്ററായിരുന്നു അന്ന് നീരജ് ചോപ്ര കുറിച്ചത്. ടോക്യോ ഒളിമ്പിക്‌സില്‍ 87.58 മീറ്റര്‍ ദൂരം എറിഞ്ഞാണ് സ്വര്‍ണ്ണം കരസ്ഥമാക്കിയത്.