കേള്‍ക്കാന്‍ സ്ത്രീകള്‍ പോലുമില്ലാതെ വനിതാ കമ്മീഷന്‍റെ സെമിനാർ ; രോഷം പ്രകടിപ്പിച്ച് ജോസഫൈന്‍

കോഴിക്കോട് :  കേള്‍ക്കാന്‍ ആളില്ലാതെ വനിതാ കമ്മീഷൻ നടത്തിയ സെമിനാർ. ‘വർത്തമാനകാലവും സ്ത്രീസമൂഹവും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിനാണ് സ്ത്രീകള്‍ പോലും എത്താതിരുന്നത്. മണിക്കൂറുകള്‍ കാത്തിരുന്നിട്ടും ആളെത്താത്തതിനെ തുടർന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ രോഷം പരസ്യമാക്കി.

കോഴിക്കോട് നളന്ദ ഓഡി​റ്റോറിയത്തിൽ രാവിലെ 9.30 നാണ് സെമിനാര്‍ തുടങ്ങുമെന്ന് അറിയിച്ചിരുന്നത്. എന്നാല്‍ 10 മണിയായിട്ടും സദസില്‍ ആളെത്താത്തതിനെ തുടർന്ന് ജോസഫൈന്‍ വേദിയിലെത്തിയില്ല. തുടർന്ന് 11.30 വരെ നോക്കിയതിന് ശേഷം വേദിയിലെത്തിയെങ്കിലും കേള്‍ക്കാന്‍ ആരുമുണ്ടായില്ല. തുടർന്ന് കമ്മീഷൻ അദ്ധ്യക്ഷ സ്​റ്റേജിൽ കയറാതെ പിന്നെയും ഒരു മണിക്കൂറോളം ഇരുന്നു. ഒടുവിൽ മറ്റ് മാര്‍ഗമില്ലെന്ന് വന്നതോടെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വേദിയില്‍ എത്തുകയായിരുന്നു. എന്നാല്‍ ശുഷ്കമായ സദസ് കണ്ട് രോഷമടക്കാനാവാതെ നിരവധി തവണ സംഘാടകരോട് അമര്‍ഷം പ്രകടിപ്പിച്ചു.

സംഘാടകരും മാധ്യമപ്രവര്‍ത്തകരെയും മാറ്റിനിര്‍ത്തിയാല്‍ സദസിലുണ്ടായിരുന്നത് വിരലിലെണ്ണാവുന്നവര്‍ മാത്രമായിരുന്നു. സംസ്ഥാന തല പരിപാടിയായിട്ടും കൂടി ചുരുക്കം ആളുകള്‍ മാത്രമാണ് പരിപാടിക്കെത്തിയത്. മുന്നൂറ് ആളുകള്‍ക്കുള്ള ഉച്ചഭക്ഷണം നേരത്തേ ബുക്ക് ചെയ്തിരുന്നു. ആളെ കൂട്ടാന്‍ കുടുംബശ്രീയെ ഏല്‍പിച്ചിരുന്നെങ്കിലും വനിതാ കമ്മീഷന്‍റെ സെമിനാറില്‍ പങ്കെടുക്കാന്‍ ആളുണ്ടായില്ല. ഇത് കമ്മീഷന്‍റെ നിലപാടുകളോടുള്ള വ്യക്തമായ പ്രതിഷേധമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. വാളയാര്‍ ഉള്‍പ്പെടെയുള്ള സംഭവങ്ങളില്‍ കമ്മീഷന്‍റെ നിലപാട് വ്യാപക പ്രതിഷേധത്തിനാണ് വഴിവെച്ചത്.

Comments (0)
Add Comment