വനിതാമതില്‍ കെട്ടിപ്പൊക്കാന്‍ പോലീസിനെയും സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നു; പിന്‍മാറിയ സംഘടനകള്‍ക്ക് സമ്മര്‍ദ്ദം

തിരുവനന്തപുരം: വനിതാ മതില്‍ കെട്ടിപ്പൊക്കാന്‍ സര്‍ക്കാര്‍ കോടികള്‍ ചെലവഴിക്കുന്നതിനോടൊപ്പം സര്‍ക്കാര്‍ സംവിധാനങ്ങളെയും ദുരുപയോഗം ചെയ്യുന്നു. പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള സംഘടനകളുടെ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. എതിര്‍ക്കുന്നവരുടെയും വിവരങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കണം. ജനുവരി ഒന്നിന് പ്രഖ്യാപിച്ച വനിതാ മതിലില്‍ നിന്ന് ചില സംഘടനകള്‍ വിട്ടുനില്‍ക്കാനുള്ള തീരുമാനത്തോടെയാണ് സര്‍ക്കാര്‍ രഹസ്യാന്വേഷണവിഭാഗത്തിന്റെ സഹായം തേടിയിരിക്കുന്നത്.
ഇതിനായി ജില്ല അടിസ്ഥാനത്തില്‍ വനിതാ സംഘടനകളുടെ വിശദാംശങ്ങള്‍ പോലീസ് ശേഖരിച്ചുതുടങ്ങിയിരിക്കുകയാണ്.

മതിലില്‍ തീരുമാനം വ്യക്തമാക്കാത്ത സംഘടനകളുടെയും കൂട്ടായ്മകളുടെയും നിലപാടാണ് രഹസ്യാന്വേഷണത്തിലൂടെ ശേഖരിക്കുന്നത്. പ്രത്യേകിച്ച് രാഷ്ട്രീയ ആഭിമുഖ്യം പ്രകടിപ്പിക്കാത്ത വനിതാസംഘടനകളെ പങ്കാളികളാക്കുന്നതിനും സമ്മര്‍ദ്ദമുണ്ട്. മതില്‍ പരിപാടി പൊളിയാതിരിക്കാന്‍ സര്‍ക്കാര്‍ ആളും അര്‍ഥവും വാരിയെറിയുകയാണ് സര്‍ക്കാര്‍. കേരളത്തില്‍ ആളുകുറഞ്ഞാല്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് പ്രവര്‍ത്തകരെ എത്തിച്ച് പങ്കെടുപ്പിക്കുന്നതിനും ആലോചിക്കുന്നുണ്ട്.

മഞ്ചേശ്വരം മുതല്‍ പാറശ്ശാലവരെ വനിതാമതിലില്‍ പങ്കെടുക്കണമെങ്കില്‍ 60 ലക്ഷം സ്ത്രീകള്‍ വേണമെന്നാണ് ഏകദേശ കണക്ക്. വനിതാസംഘടനകളില്‍ ചിലത് പിന്‍മാറിയതോടെയാണ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരെയും ഇതര സംസ്ഥാനങ്ങളിലെ പാര്‍ട്ടി പ്രവര്‍ത്തകരെയും എത്തിക്കാന്‍ ശ്രമം നടത്തുന്നത്.

Comments (0)
Add Comment