കനത്ത പ്രതിഷേധത്തിനൊടുവില്‍ യുവതികള്‍ മലയിറങ്ങി

Jaihind Webdesk
Monday, December 24, 2018

ശബരിമല കയറാന്‍ എത്തിയ യുവതികള്‍ക്കെതിരെ വന്‍ പ്രതിഷേധം. ശക്തമായ പ്രതിഷേധത്തിനാണ് ശബരിമല ഇന്ന് സാക്ഷ്യം വഹിച്ചത്. ചന്ദ്രാനന്ദന്‍ റോഡിന് മുന്നിലെ കനത്ത പ്രതിഷേധം മറികടക്കാനാകാതെ യുവതികളെ പോലീസ് തിരിച്ചിറക്കുകയായിരുന്നു. ഇനിയും മുന്നോട്ട് പോയാല്‍ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമെന്ന് പോലീസ് ഇവരെ അറിയിച്ചു. തുടര്‍ന്ന് യുവതികളിലൊരാള്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതായും അതിനാല്‍ തിരിച്ചിറക്കുകയാണെന്നും പോലീസ് അറിയിച്ചു. എന്നാല്‍ കനകദുര്‍ഗയ്ക്ക് ദേഹാസ്വാസ്ഥ്യം ഇല്ലെന്നും പോലീസ് നിര്‍ബന്ധിച്ച് തിരിച്ചിറക്കുകയാണെന്നും ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.

കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിന്ദു, മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗ എന്നിവരാണ് മല കയറാനെത്തിയത്. ഇവര്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നില്ല. 45 വയസിന് താഴെ പ്രായമുള്ളവരായതിനാല്‍ പോലീസ് ഇവര്‍ക്ക് സംരക്ഷണം നല്‍കുകയായിരുന്നു.പുലര്‍ച്ചെയോടെ പമ്പയിലെത്തിയ ഇരുവരും ആദ്യ അര മണിക്കൂര്‍ സുഗമമായി മല കയറിയെങ്കിലും അപ്പാച്ചിമേട്ടില്‍ ഭക്തര്‍ പ്രതിഷേധവുമായി എത്തിയതോടെ തുടര്‍ന്ന് പോലീസ് സംരക്ഷണത്തില്‍ മുന്നോട്ടുപോവുകയായിരുന്നു. അപ്പാച്ചിമേട്ടില്‍ പ്രതിഷേധിച്ചവരെ നീക്കിയിട്ടാണ് പോലീസ് യുവതികളുമായി മുന്നോട്ട് നയിച്ചത്. എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിഷേധക്കാരെ നീക്കിയതിന്ശേഷം യുവതികള്‍ക്ക് മല കയറാനുള്ള സൌകര്യം ഒരുക്കിയത്. തുടര്‍ന്ന് മരക്കൂട്ടത്ത് വെച്ച് വീണ്ടും ഇവരെ നാമജപ പ്രതിഷേധവുമായെത്തിയ ഭക്തര്‍ തടഞ്ഞു. പ്രതിഷേധം മറികടന്ന് വീണ്ടും മുന്നോട്ടുപോയ പോലീസിന് പക്ഷെ ചന്ദ്രാനന്ദന്‍ റോഡിന് മുന്നിലെ പ്രതിഷേധക്കടല്‍ മറികടക്കാനായില്ല.

Live Updates:

10.15 AM – യുവതികളെ വനംവകുപ്പിന്‍റെ എമര്‍ജന്‍സി സര്‍വീസ് ജീപ്പില്‍ തിരിച്ചിറക്കുന്നു.

10 AM – പോലീസിനെതിരെ ആരോപണവുമായി ബിന്ദു. പോലീസ് നിര്‍ബന്ധിച്ച് തിരിച്ചിറക്കുകയാണെന്നും കനകദുര്‍ഗയ്ക്ക് ദേഹാസ്വാസ്ഥ്യമില്ലെന്നും ബിന്ദു.

9.55 AM – യുവതികളെ തിരിച്ചിറക്കുന്നു. ക്രമസമാധാനപ്രശ്നം കാരണമെന്ന് പോലീസ്.

9.45 AM – യുവതികളിലൊരാള്‍ക്ക് ദേഹാസ്വാസ്ഥ്യം. ഇവരെ തിരിച്ചിറക്കാനുള്ള നടപടികളുമായി പോലീസ്

9.30 AM – യുവതികളെ ബലം പ്രയോഗിച്ച് സന്നിധാനത്തേക്ക് കൊണ്ടുപോകേണ്ടതില്ലെന്ന് നിര്‍ദേശം

9.15 AM – പ്രതിഷേധിച്ചവരെ ഭീകരരോട് ഉപമിച്ച് മന്ത്രി ഇ.പി ജയരാജന്‍. താലിബാന്‍ സംഘത്തെപ്പോലെയാണ് ഇവരുടെ പ്രവര്‍ത്തനമെന്ന് മന്ത്രി

9. 05 AM – മുന്നോട്ട് സുരക്ഷ ഒരുക്കാനാവില്ലെന്ന നിലപാടറിയിച്ച് പോലീസ്; പിന്മാറില്ലെന്ന് യുവതികള്‍

9.00 AM – പ്രതിഷേധം തുടരുന്നു. യുവതികള്‍ പിന്മാറേണ്ടിവരുമെന്ന് ദേവസ്വം മന്ത്രി

8.50 AM – യുവതികളെ പിന്തിരിപ്പിക്കാൻ പോലീസ് ശ്രമിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

8.40 AM – കൂടുതല്‍ ഭക്തര്‍ പ്രതിഷേധവുമായി എത്തുന്നു; പോലീസിന് മുന്നോട്ടുപോകാനാവാത്ത അവസ്ഥ

8.35 AM – ആചാരലംഘനം ഉണ്ടായാല്‍ നട അടയ്ക്കണമെന്ന് പന്തളം കൊട്ടാരം.

8. 30 AM – സുരക്ഷയ്ക്കായി ദ്രുതകര്‍മസേനയെ വിന്യസിച്ചു.

8.25 AM – ചന്ദ്രാനന്ദന്‍ റോഡിന് സമീപം പ്രതിഷേധക്കടല്‍ തീര്‍ത്ത് ഭക്തര്‍; ഒരു തരത്തിലും മുന്നോട്ട് പോകാനാവാത്ത അവസ്ഥയില്‍ പോലീസും യുവതികളും.

8.15 AM – കനകദുര്‍ഗയുടെ പെരിന്തല്‍മണ്ണയുടെ വീടിന് മുന്നില്‍ നാമജപപ്രതിഷേധം

8.10 AM – കൂടുതല്‍ പോലീസ് എത്തുന്നു; കനത്ത സുരക്ഷാവലയത്തില്‍ യുവതികള്‍ മുന്നോട്ട്

8.05 AM – കൂടുതല്‍ പ്രതിഷേധക്കാര്‍; മരക്കൂട്ടത്ത് യുവതികളെ തടഞ്ഞു; സംഘര്‍ഷാവസ്ഥ

8.00 AM – യുവതികള്‍ മരക്കൂട്ടം പിന്നിട്ടു. നടപ്പന്തലിലേക്ക്.

7.50 AM – പോലീസ് സംരക്ഷണത്തില്‍ യുവതികളെ മുന്നോട്ട് കൊണ്ടുപോകുന്നു.

7.45 AM – പ്രതിഷേധിച്ചവര്‍ക്കെതിരെ പോലീസ് നടപടി. പ്രതിഷേധക്കാരെ പോലീസ് നീക്കം ചെയ്യുന്നു.

7.30 AM – എത്ര പ്രതിഷേധം ഉണ്ടായാലും ശബരിമല ദര്‍ശനം നടത്തുമെന്ന് യുവതികള്‍. സംരക്ഷണം ഒരുക്കേണ്ടത് പോലീസാണ്. യുവതികള്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു.

7.15 AM – അപ്പാച്ചിമേട്ടില്‍ യുവതികളെ നാമജപ പ്രതിഷേധവുമായി എത്തിയ ഭക്തര്‍ തടയുന്നു.

7.00 AM – യുവതികളായതിനാല്‍ ഇവര്‍ക്ക് പോലീസ് സംരക്ഷണം നല്‍കുന്നു.

6.45 AM – രണ്ട് യുവതികള്‍ മല കയറാനായി എത്തുന്നു. ഇവര്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നില്ല. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിന്ദു, മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗ എന്നിവരാണ് ശബരിമല ദര്‍ശനത്തിന് എത്തിയത്.