അഗസ്ത്യാര്‍കൂടത്തിലും സ്ത്രീപ്രവേശനം നടപ്പാക്കാനൊരുങ്ങി വനംവകുപ്പ്

Friday, January 4, 2019

 ഈ സീസണ്‍ മുതല്‍ അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകളെയും കടത്തിവിടാനൊരുങ്ങി വനംവകുപ്പ്. സ്ത്രീകള്‍ക്കും ട്രെക്കിംഗ് നടത്താമെന്ന ഹൈക്കോടതി സിംഗിള്‍ബഞ്ച് വിധി നടപ്പാക്കാന്‍ ഒരുങ്ങുകയാണ് വനംവകുപ്പ്. സ്ത്രീകളെയും അഗസ്ത്യാര്‍കൂടം ട്രെക്കിംഗിന് അനുവദിക്കണമെന്ന ആവശ്യമുന്നയിച്ച് ചില സംഘടനകളാണ് ഹൈക്കോടതിയെ സമീപിച്ചത്.

ജനുവരി 14 ന് അഗസ്ത്യാര്‍കൂട ട്രെക്കിംഗിന് തുടക്കമാകും. വര്‍ഷത്തില്‍ ഒരുമാസം മാത്രമാണ് അഗസ്ത്യമലയിലേക്ക് ട്രെക്കിംഗ് അനുവദിക്കുന്നത്. ജനുവരി അഞ്ച് മുതല്‍ ബുക്കിംഗ് ആരംഭിക്കും. www.forest.kerala.gov.in എന്ന വെബ്സൈറ്റിലൂടെ യാത്ര ബുക്ക് ചെയ്യാം. 04712360762 എന്ന ഫോണ്‍ നമ്പരിലും ബന്ധപ്പെടാം.

ട്രെക്കിംഗിന് ലിംഗവിവേചനം അനുവദിക്കാനാവില്ലെന്ന ഹൈക്കോടതി വിധിയാണ് ഇത്തവണ വനംവകുപ്പ് നടപ്പിലാക്കാനൊരുങ്ങുന്നത്. മൂന്ന് ദിവസം നീളുന്നതാണ് അഗസ്ത്യാര്‍കൂടം ട്രെക്കിംഗ്. മികച്ച ശാരീരിക ക്ഷമത ഇല്ലാത്തവര്‍ക്ക് അഗസ്ത്യാര്‍കൂട യാത്ര ചിന്തിക്കാനാവില്ല. ഇത്തവണ സ്ത്രീകളെയും ട്രെക്കിംഗില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും പ്രത്യേക പരിഗണന ഉണ്ടാവില്ല. ട്രെക്കിംഗിനുള്ള സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പാലിക്കണമെന്നും ആദിവാസികളുടെ പൂജ നടക്കുന്ന ഭാഗത്തേക്ക് പോകരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.