ആലപ്പുഴയില്‍ വന്‍ ലഹരിവേട്ട. 2 കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി ചെന്നൈ സ്വദേശിനിയായ യുവതി ആലപ്പുഴ എക്‌സൈസ് നാര്‍ക്കോട്ടിക് സ്‌കോഡിന്‍റെ പിടിയിലായി. ഓമനപ്പുഴയിലെ റിസോര്‍ട്ടില്‍ വെച്ചായിരുന്നു കണ്ടെത്തിയത്. ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ ഉള്‍പ്പടെയുള്ള ചലച്ചിത്ര നടന്മാര്‍ക്കും ഹൈബ്രിഡ് കഞ്ചാവ് കൈമാറിയതായി പിടിയിലായ ചെന്നൈ സ്വദേശി ക്രിസ്റ്റിന എന്ന തസ്ലീമ സുല്‍ത്താന എക്‌സൈസിന് മൊഴി നല്‍കി .
ബംഗളുരുവില്‍ നിന്ന് എറണാകുളത്ത് എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് ആലപ്പുഴ ഓമനപ്പുഴയിലെ ഗാര്‍ഡന്‍ എന്ന റിസോര്‍ട്ടില്‍ എത്തിച്ചപ്പോള്‍ ആണ് ചെന്നൈ സ്വദേശിനയായ തസ്ലീമ സുല്‍ത്താന പിടിയിലാകുന്നത്. ഇവര്‍ക്കൊപ്പം മണ്ണഞ്ചേരി സ്വദേശിയായ ഫിറോസും ഉണ്ടായിരുന്നു. പ്രതികളെ കെണി ഒരുക്കിയായിരുന്നു എക്‌സൈസ് സംഘം ഹൈബ്രിഡ് കഞ്ചാവുമായി ആലപ്പുഴയില്‍ എത്തിച്ചത്.
സിനിമ താരങ്ങളായ ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും ലഹരി കൈമാറി എന്നാണ് യുവതിയുടെ മൊഴി. ഇരുവരുമായുള്ള ബന്ധത്തിന്റെ ഡിജിറ്റല്‍ തെളിവുകള്‍ എക്‌സൈസിനു ലഭിച്ചു. പ്രതിക്ക് സിനിമ മേഖലയിലെ ഉന്നതരുമായി ബന്ധമുണ്ടെന്നും വിദേശത്ത് നിന്ന് എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് എറണാകുളത്ത് വിതരണം ചെയ്തുവെന്നും എക്‌സൈസ് കണ്ടെത്തിയിട്ടുണ്ട്.
സാധാരണ കഞ്ചാവിനേക്കാള്‍ 20 മടങ്ങ് ലഹരിയാണ് ഹൈബ്രിഡ് കഞ്ചാവിനുള്ളത്. MDMA ക്കാള്‍ അപകടകാരി. ഹൈഡ്രോപോണിക് കൃഷിരീതിയില്‍ തായിലാന്‍ഡില്‍ വികസിപ്പിച്ചതാണ് ഇത്. എയര്‍പോര്‍ട്ടിന് പുറത്ത് ലാര്‍ജ് ക്വാണ്ടിറ്റി പിടികൂടുന്നത് അടുത്ത കാലത്ത് ആദ്യമാണ്. ആലപ്പുഴ നാര്‍ക്കോട്ടിക് CI മഹേഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും പിടികൂടിയത്.