‘പൂജ്യം മാര്‍ക്ക് കിട്ടിയവന് ഒന്നാം റാങ്ക്, പാർലമെന്‍റിൽ തോറ്റവന് ക്യാബിനറ്റ് പദവി, ഇതാണ് കേരളത്തിലെ അവസ്ഥ’ : കെ സുധാകരന്‍ എം.പി

Jaihind Webdesk
Monday, August 5, 2019

K-Sudhakaran

പരീക്ഷയിൽ പൂജ്യം മാർക്ക് കിട്ടിയവന് ഒന്നാം റാങ്ക്, പാർലമെന്‍റിൽ തോറ്റവന് ക്യാബിനറ്റ് പദവി അതാണ് കേരളത്തിലെ സ്ഥിതിയെന്ന് കെ സുധാകരൻ എംപി. പ്രവാസി വ്യവസായി സാജന്‍റെ കുടുംബത്തിനോട് മാപ്പ് പറയാൻ സി.പി.എം നേതൃത്വം തയാറാവണമെന്നും കെ സുധാകരൻ. പ്രവാസി വ്യവസായി  സാജന്‍റെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ  ഡി.സി.സി പ്രസിഡന്‍റ് സതീശൻ പാച്ചേനി നയിച്ച സ്നേഹസാന്ത്വനയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ സുധാകരൻ.

പ്രവാസി വ്യവസായി സാജന്‍റെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്‍റ്സതീശൻ പാച്ചേനി നയിച്ച സ്നേഹസാന്ത്വന യാത്ര വളപട്ടണത്ത് നിന്നാണ് ആരംഭിച്ചത്. കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാൻ ഫ്ലാഗ് ഓഫ് ചെയ്ത പദയാത്രയിൽ നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ അണിചേർന്നു. പദയാത്ര സാജന്‍റെ നാടായ കൊറ്റാളി അരയമ്പത്ത് സമാപിച്ചു.

തുടർന്ന് നടന്ന പൊതുസമ്മേളനം കെ.പി.സി.സി വർക്കിംഗ് പ്രസിഡന്‍റ് കെ സുധാകരൻ എം.പി ഉദ്ഘാടനം ചെയ്തു. സാജന്‍റെ കൺവെൻഷൻ സെന്‍ററിന് ഇപ്പോൾ അനുമതി നൽകിയതുപോലെ നേരത്തെ ലൈസൻസ് നൽകിയെങ്കിൽ സാജന്‍റെ ജീവൻ രക്ഷപ്പെടുമായിരുന്നുവെന്ന്  കെ സുധാകരൻ പറഞ്ഞു. സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിന്‍റെ ഉത്തരവാദിത്വത്തിൽ നിന്ന് ആന്തൂർ നഗരസഭയ്ക്കും സി.പി.എമ്മിനും ഒഴിഞ്ഞു മാറാനാവില്ല. കേരളത്തിൽ ഭരണമില്ലാത്ത സ്ഥിതിയാണുള്ളത്. പരീക്ഷയിൽ പൂജ്യം മാർക്ക് കിട്ടിയവന് ഒന്നാം റാങ്കും പാർലമെന്‍റിൽ തോറ്റവന് ക്യാബിനറ്റ് പദവിയും എന്നതാണ് കേരളത്തിലെ സ്ഥിതിയെന്നും കെ സുധാകരൻ  പറഞ്ഞു.

കേരളത്തിൽ പ്രളയം വന്നപ്പോൾ ലോകം മുഴുവൻ പിരിവെടുത്തു. ആ ഫണ്ട് എവിടെപ്പോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ജനങ്ങളോട് നീതി കാട്ടാത്ത സർക്കാരിന് അധികാരത്തിൽ തുടരാൻ അവകാശമില്ല. ഷുഹൈബ് വധക്കേസിൽ സി.ബി.ഐ അന്വേഷണം വേണ്ട എന്നത് മ്ലേച്ഛമായ വിധിയാണ്. അസംകാരൻ വക്കീൽ വന്നപ്പോൾ കോടതിയുടെ മനസുമാറിയെന്നും കെ സുധാകരൻ കുറ്റപ്പെടുത്തി.

കേരളത്തിന് ഉണ്ടായിരുന്ന എല്ലാം നല്ല പേരും സി.പി.എം ഭരണത്തിൽ നഷ്ടമായതായി കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി അംഗം ഷാനിമോൾ ഉസ്മാൻ പറഞ്ഞു. കെ.സി.ജോസഫ് എം.എൽ.എ, ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി കെ സുരേന്ദ്രൻ വിവിധ ഡി.സി.സി ഭാരവാഹികളും, പോഷക സംഘടനാ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.