‘രാഷ്ട്രീയത്തിനതീതമായി എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണം, പരമാവധി സഹായം നേടിനല്‍കും: ഒരു ജനതയ്ക്ക് സാന്ത്വനമായി ഒപ്പമുണ്ടെന്ന രാഹുലിന്‍റെ വാക്ക് | Watch Video

Jaihind Webdesk
Monday, August 12, 2019

വയനാട്ടിലെ പ്രളയബാധിത മേഖലകളില്‍ സാന്ത്വനമായി രാഹുല്‍ ഗാന്ധി എം.പി. പ്രളയബാധിത പ്രദേശങ്ങളിലെത്തിയ അദ്ദേഹം ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവരെ നേരില്‍ കണ്ടു. പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ലഭിക്കാവുന്ന പരമാവധി സഹായം നേടിനല്‍കുമെന്ന് രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കി. കല്‍പറ്റയില്‍ നടന്ന അവലോകന യോഗത്തില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ ചർച്ച ചെയ്തു.

കൈതപ്പൊയിലിലെ പ്രളയ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് കല്‍പ്പറ്റയിലെത്തി രാഹുല്‍ ഗാന്ധി അവലോകനയോഗത്തില്‍ പങ്കെടുത്തത്. ഉരുള്‍പൊട്ടലില്‍ മണ്ണിനടിയില്‍പെട്ടുപോയവരെ കണ്ടെത്താനായി തെരച്ചില്‍ നടപടികള്‍ കൂടുതല്‍ ശക്തിപ്പെടുത്തും. വലിയ പ്രദേശമായതിനാലും മണ്ണ് മൂടപ്പെട്ടതിനാലും നിലവില്‍ വെല്ലുവിളി നേരിടുന്ന തെരച്ചില്‍ നടപടികളെ ത്വരിതപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കും. സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട് അർഹരായവർക്കെല്ലാം ദുരിതാശ്വാസ സഹായം ലഭ്യമാക്കും. കേന്ദ്രത്തിന്‍റെ സഹായവും ലഭ്യമാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രളയബാധിതരെ സഹായിക്കാനായി എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. എല്ലാം നഷ്ടമായവർക്ക് കൈത്താങ്ങാകാന്‍ സംസ്ഥാന സര്‍ക്കാരിനും ഒപ്പം കേന്ദ്രത്തിനും ബാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മഴക്കെടുതിയില്‍ തെക്കന്‍ സംസ്ഥാനങ്ങള്‍ വലയുന്ന സാഹചര്യത്തില്‍ കേന്ദ്രത്തിന്‍റെ ശ്രദ്ധയും അടിയന്തരമായി എത്തേണ്ടതുണ്ട്. നഷ്ടപരിഹാരം നല്‍കുന്നതിലടക്കം കേന്ദ്രം ഇടപെടേണ്ടതുണ്ട്. ഇക്കാര്യം കേന്ദ്രത്തിന്‍റെ ശ്രദ്ധയില്‍ പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ദുരിതബാധിതര്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. അതേസമയം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രളയത്തെ രാഷ്ട്രീയവത്കരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സാഹചര്യമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ആരെയും കുറ്റപ്പെടുത്താനില്ലെന്നും പുനരധിവാസമാണ് പ്രധാനമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കല്‍പ്പറ്റയിലെ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. കല്‍പ്പറ്റയില്‍ നിന്ന് മുണ്ടേരിയിലേക്ക് പോയ അദ്ദേഹം അവിടെനിന്ന് പനമരത്തെ ദുരിതാശ്വാസ ക്യാമ്പിലെത്തി. ദുരന്തത്തില്‍ വിറങ്ങലിച്ച വയനാടന്‍ ജനതയ്ക്ക് വലിയ ആശ്വാസമാവുകയായിരുന്നു രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം. ഒപ്പമുണ്ടെന്ന രാഹുലിന്‍റെ വാക്ക് പ്രളയത്തില്‍ എല്ലാം നഷ്ടമായവര്‍ക്ക് ആശ്വാസത്തിന്‍റെ തലോടലായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ തുടങ്ങിയ നേതാക്കളും രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.

കല്‍പറ്റയിലെ അവലോകനയോഗത്തിന് ശേഷം രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് സംസാരിക്കുന്നു:

https://www.youtube.com/watch?v=FnAPHTprssY