Kothamangalam| കോതമംഗലത്ത് കാട്ടാന കിണറ്റില്‍ വീണു: വന്യജീവി ശല്യത്തിന് പരിഹാരം വേണമെന്ന് നാട്ടുകാര്‍

Jaihind News Bureau
Sunday, August 31, 2025

എറണാകുളം: കോതമംഗലം വടക്കുംഭാഗത്ത് കിണറ്റില്‍ കാട്ടാന വീണു. വിച്ചാട്ട് വര്‍ഗീസിന്റെ വീട്ടിലെ കിണറ്റില്‍ ആണ് ആന വീണത്. പുലര്‍ച്ചെയാണ് 15 വയസ്സ് പ്രായമുള്ള കാട്ടാന കിണറ്റില്‍ വീണതായി നാട്ടുകാര്‍ കണ്ടത്. കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറ്റിലാണ് ആന വീണിട്ടുള്ളത്.

നിരന്തരം കാട്ടാന ശല്യം നേരിടുന്ന ജനവാസ മേഖലയാണിത്. നേരത്തെയും ഈ ഭാഗത്ത് കിണറ്റില്‍ വീണ ഒരു കാട്ടാനയെ അധികൃതര്‍ രക്ഷപ്പെടുത്തിയിരുന്നു. അന്ന് ആനയെ പിടികൂടി മാറ്റണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും, പിടികൂടാമെന്ന് ഉറപ്പ് നല്‍കി നാട്ടുകാരെ മാറ്റി നിര്‍ത്തി ആനയെ രക്ഷപ്പെടുത്തുക മാത്രമാണ് അധികൃതര്‍ ചെയ്തതെന്ന് പ്രദേശവാസികള്‍ പറയുന്നു. പിന്നീട് ആനയെ പിടികൂടാന്‍ അധികൃതര്‍ തയ്യാറായില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. ഇത്തവണ വന്യജീവി ശല്യത്തിന് ശാശ്വതമായ പരിഹാരമുണ്ടാക്കാതെ ആനയെ കിണറ്റില്‍ നിന്ന് കയറ്റി വിടില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍.