എംഎല്‍എയുടെ പാര്‍ക്കിന് തിരക്കിട്ട് ലൈസന്‍സ് നല്‍കിയത് എന്തിന്? സത്യവാങ്മൂലം സമർപ്പിക്കാന്‍ നിർദ്ദേശിച്ച് ഹൈക്കോടതി

Jaihind Webdesk
Thursday, February 8, 2024

 

കൊച്ചി: പിവി അന്‍വര്‍ എംഎല്‍എയുടെ കോഴിക്കോട് കക്കാടംപൊയിലിലെ പാര്‍ക്കിന് തിരക്കിട്ട് ലൈസന്‍സ് നല്‍കിയത് എന്തിനെന്ന് ഹൈക്കോടതി. പാർക്കിൽ നിബന്ധനകൾ കൃത്യമായി പാലിക്കണമെന്നും പാർക്കിൽ എന്തൊക്കെ പ്രവർത്തിപ്പിക്കാനാണ് അനുമതി നൽകിയെന്നതടക്കം വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാനും കൂടരഞ്ഞി പഞ്ചായത്തിന് നിർദ്ദേശം നൽകി.

കുട്ടികളുടെ പാർക്കിലെ പൂന്തോട്ടത്തിന്‍റെ ലൈസൻസാണ് നൽകിയതെന്ന് സർക്കാർ അറിയിച്ചു. ലൈസന്‍സ് ഫീ ഇനത്തിൽ 7 ലക്ഷം രൂപ ഈടാക്കിയായിരുന്നു ലൈസന്‍സ് നല്‍കിയത്. പാർക്കിന്‍റെ പേരിലുള്ള റവന്യൂ റിക്കവറി കുടിശിക ആയ രണ്ടര ലക്ഷം രൂപ അടക്കമാണ് 7 ലക്ഷം രൂപ. എന്നാൽ കുട്ടികളുടെ പാർക്കിന് മാത്രമേ അനുമതിയുള്ളൂ. റൈഡുകൾ പ്രവർത്തിപ്പിക്കാൻ പാടില്ല. പാർക്ക് തുറന്നു പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയതിന് എതിരായ ഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയായിരുന്നു നടപടി. ലൈസൻസ് ഇല്ലാതെ പാർക്ക് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് പിന്നാലെയാണ് ധൃതിയിൽ ലൈസൻസ് അനുവദിച്ചത്.

2018-ലാണ് മണ്ണിടിച്ചിലിനെ തുടർന്ന് പാർക്ക് അടച്ചുപൂട്ടാൻ ജില്ലാ കളക്ടർ സ്റ്റോപ്പ് മെമ്മോ നൽകിയത്. പി.വി. അൻവർ എംഎൽഎ കത്ത് നൽകിയതിന്‍റെ അടിസ്ഥാനത്തിൽ 202-ൽ പാർക്കിന് അനുമതി നൽകിയെങ്കിലും ലൈസൻസ് പുതുക്കി നൽകിയിരുന്നില്ല. കുടിശിക അടയ്ക്കാതെ ലൈസൻസ് നൽകാൻ കഴിയില്ലെന്നായിരുന്നു പഞ്ചായത്തിന്‍റെ നിലപാട്. ഒടുവിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നത് കോടതി ചോദ്യം ചെയ്തതോടെയാണ് അതിവേഗം പണം ഈടാക്കി ലൈസൻസ് പുതുക്കി നൽകിയത്.

കേരള നദീ സംരക്ഷണ സമിതി മുൻ ജനറൽ സെക്രട്ടറി പി.വി. രാജനാണ് പാർക്കിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ഈ പ്രദേശം കുത്തനെ ചരിവുള്ള ഒരു പ്രദേശമായതിനാൽ തന്നെ ഇവിടെ മണ്ണിടിച്ചിലിനും മറ്റും സാധ്യതയുണ്ട്. കൂടരഞ്ഞി പഞ്ചായത്തിലെ അതീവ അപകട സാധ്യതയുള്ള മേഖലയിൽ ജിയോളജി ഡിപ്പാർട്ട്മെന്‍റിന്‍റെ കൃത്യമായ അനുമതിയില്ലാതെ കുന്നിടിച്ചു നിരത്തിയാണ് വാട്ടർ തീം പാർക്ക് നിർമ്മിച്ചതെന്നാണ് ഹര്‍ജിക്കാരന്‍റെ പരാതി. ലൈസൻസ് ഇല്ലാത്ത പാർക്ക് അടച്ചുപൂട്ടണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.