ഈ വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ കക്ഷികള്‍ക്ക് ദേശീയ തലത്തില്‍ പ്രത്യേകിച്ച് എന്തെങ്കിലും റോള്‍ വഹിക്കാനുണ്ടോ?
അന്ധമായ കോണ്‍ഗ്രസ് വിരോധത്തിന്റെയും ദേശവിരുദ്ധ നിലപാടുകളുടെയും പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നിലപാടുകളെ വോട്ടര്‍മാര്‍ പലവട്ടം തിരസ്കരിച്ചിട്ടുള്ളതാണ്. 94 വര്‍ഷം പ്രായമായ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നാളിതുവരെ ലോക്സഭയുടെ കോറം തികയ്ക്കാനുള്ള അംഗബലം ആര്‍ജ്ജിക്കാനോ ദേശീയ അടിസ്ഥാനത്തില്‍ 10 ശതമാനം വോട്ട് നേടാന്‍പോലുമോ ഇതുവരെ കഴിഞ്ഞിട്ടില്ല.
1952ലെ ഒന്നാമത്തെ പൊതുതെരഞ്ഞെടുപ്പില്‍ 3.29 ശതമാനം വോട്ടും 16സീറ്റുകളുമാണ് അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ലഭിച്ചത്. 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ രണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും കൂടി 10 സീറ്റും നാല് ശതമാനം വോട്ടുമാണ് ലഭിച്ചത്. (സി.പി.എം 3.2 %, സി.പി.ഐ .08%)
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തെറ്റായ നയങ്ങള്‍മൂലം ഈ പാര്‍ട്ടികള്‍ ഇന്ന് എവിടെ എത്തി നില്‍ക്കുന്നുവെന്ന് ആലോചിക്കണം. സ്വാതന്ത്ര്യസമരകാലം മുതല്‍ തെറ്റായ നയങ്ങള്‍ പിന്തുടര്‍ന്നതുമൂലം ഇന്ത്യയിലെ ജനങ്ങളില്‍ നിന്ന് അവര്‍ ഒറ്റപെട്ടുപോയി. 1942ലെ ക്വിറ്റ് ഇന്ത്യ സമരകാലത്ത് ഇന്ത്യാവിരുദ്ധ നയം സ്വീകരിച്ച് ബ്രിട്ടീഷുകാരോടൊപ്പം ചേര്‍ന്ന് സ്വാതന്ത്ര്യസമരത്തെ ഒറ്റികൊടുത്തതിന്റെ പാപഭാരം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ തലയില്‍ നിന്ന് ഇനിയും ഒഴിഞ്ഞുപോയിട്ടില്ല.
ബ്രിട്ടന് ഇന്ത്യ വിടാന്‍ തീരുമാനിക്കുകയും 1946 സെപ്റ്റംബറില്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ നേതൃത്വത്തില്‍ ഇടക്കാല ഗവണ്മെന്റ് രൂപീകരിച്ച് ഭരണം ആരംഭിച്ചപ്പോഴാണ് ഒക്ടോബര്‍ ആയിരങ്ങളെ കുരുതികൊടുത്ത പുന്നപ്ര – വയലാര്‍ സമരം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നടത്തിയത്. പുന്നപ്ര-വയലാര്‍ സമരം കൊണ്ട് പാര്‍ട്ടി എന്തുനേടി എന്ന കാര്യം ഇനിയും പുറത്തുപറഞ്ഞിട്ടില്ല. നിസ്സഹായരായ കുറയേ പാവപ്പെട്ടവരെ തോക്കിന് മുന്നിലേക്ക് എടുത്തു എറിഞ്ഞു എന്നതൊഴിച്ചാല്‍ സ്വാതന്ത്ര്യസമരത്തിനോ രാജ്യത്തിനോ ഈ സമരംകൊണ്ട് ഒരു നേട്ടവും ഉണ്ടാക്കിയിട്ടില്ല.
1947 ആഗസ്റ്റ് 15ന് രാജ്യം സ്വാതന്ത്ര്യം നേടിയപ്പോള്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചില്ലെന്നും ഭരണം വെള്ളക്കാരില്‍ നിന്ന് കൊള്ളക്കാരിലേക്കാണെന്ന് പറഞ്ഞ് 1951 വരെ ദേശവിരുദ്ധ പരിപാടികളുമായി നടക്കുകയായിരുന്നു ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. നെഹ്റു സര്‍ക്കാരിനെ അട്ടിമറിക്കാന്‍ തെലുങ്കാന മോഡല്‍ സായുധ വിപ്ലവം നടത്തിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തലതിരിഞ്ഞനയങ്ങള് മൂലം രാജ്യത്തിനോ ജനങ്ങള്‍ക്കോ എന്തെങ്കിലും നേട്ടമുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ട സമയമാണിത്.
കോണ്‍ഗ്രസ് രാജ്യത്തുകൊണ്ടുവന്ന എല്ലാ വികസന പ്രക്രിയകളെയും എതിര്‍ക്കുകയും അട്ടിമറിക്കുകയും ചെയ്തിട്ടുള്ള പാരമ്പര്യമാണ് സി.പി.എം നേതൃത്വം കൊടുക്കുന്ന ഇടതുമുന്നണിയുടേത്. കാര്‍ഷിക യന്ത്രവത്കരണം, കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ എന്നുവേണ്ട രാജ്യത്ത് സമസ്ത മേഖലയിലും ഉണ്ടായ വികസനങ്ങളെ എക്കാലത്തും എതിര്‍ത്ത പാരമ്പര്യമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടേത്.
ഇടതുമുന്നണി 34 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച പശ്ചിമബംഗാളില്‍ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിന് എന്തെങ്കിലും ക്രിയാത്മകമായ നടപടികള്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെയാണല്ലോ ബംഗാളില്‍ നിന്ന് കൂലിപ്പണിക്കായി ഏതാണ്ട് എട്ടുലക്ഷത്തോളം പേര് കേരളത്തില്‍ വന്ന് പണിയെടുക്കുന്നത്. ഇന്നും വിദ്യാഭ്യാസ രംഗത്ത്, ശിശു മരണ നിരക്കില്‍ ബീഹാറിനേക്കാളും പിന്നോക്കാവസ്ഥയിലാണ് ബംഗാള്‍.
ദേശീയ തലത്തില്‍ ഫാഷിസ്റ്റ് പാര്‍ട്ടിയായ ബി.ജെ.പി നേരിടാനുള്ള യാതൊരു ശക്തിയോ ശേഷിയോ ഇല്ലാത്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രതിനിധികളെ പാര്‍ലമെന്റിലേക്ക് അയച്ചിട്ട് എന്ത് കാര്യം? രാജ്യത്തിന്റെ നയരൂപീകരണത്തില്‍ ഇവര്‍ക്ക് എന്ത് കാര്യം. ദേശീയതലത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഒരു സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശേഷി ഇടതുപക്ഷ പ്രസ്ഥാനത്തിന് ഉണ്ടോ? ഉണ്ടെങ്കില്‍ ആരാണ് നിങ്ങളുടെ നേതാവ്? എന്താണ് നിങ്ങളുടെ നയപരിപാടികള്‍?
ഇന്ത്യന്‍ ഭരണഘടനയോട് കൂറോ വിശ്വസ്തതയോ പുലര്‍ത്താത്ത ഒരു പാര്‍ട്ടി ഭരണഘടനയുമായി നിലനില്‍ക്കുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങളെ ജനങ്ങള്‍ എന്തിന് വിശ്വസിക്കണം. ഇന്ത്യന്‍ ഭരണഘടനയോട് കൂറ് പുലര്‍ത്തുമെന്ന് പ്രഖ്യാപിക്കുന്ന ഒരു വാചകം പോലും സി.പി.എം പാര്‍ട്ടി ഭരണഘടനയില്‍ ചൂണ്ടിക്കാണിക്കാന്‍ ആകുമോ? തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യത്തില്‍ വിശ്വസിക്കുന്ന ഈ പാര്‍ട്ടികള്‍ക്ക് എങ്ങനെ ഇന്ത്യന്‍ ഭരണഘടനയോട് കൂറ് പുലര്‍ത്തും. എന്നാല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഭരണഘടനയില്‍ എഴുതിയിരിക്കുന്നത് ഇന്ത്യന്‍ ഭരണഘടനയോട് നിര്‍വ്യാജമായ കൂറും വിശ്വസ്തതയും പുലര്‍ത്തുമെന്നാണ്.
‘The Indian National Congress bears true faith and alligiance to the constitution of India as by law established and to the principles of Socialism, secularism and democracy, and would uphold the sovereignty, unity and integrity of India’
ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപാര്‍ട്ടിയായ സി.പി.എം എന്തുകൊണ്ടാണ് 94 വര്‍ഷം കഴിഞ്ഞിട്ടും അവരുടെ പാര്‍ട്ടി ഭരണഘടനയില്‍ ഇന്ത്യന്‍ ഭരണഘടനയോട് കൂറും വിശ്വസ്തതയും പുലര്‍ത്തുമെന്ന് എഴുതാന്‍ മടിക്കുന്നത്. ഇന്ത്യന്‍ ദേശീയതയോട് ഇനിയും ഇഴുകി ചേരാന്‍ ഈ പാര്‍ട്ടിക്ക് കഴിയുന്നില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് സി.പി.എമ്മിന്റെ പാര്‍ട്ടി ഭരണഘടന.
കഴിഞ്ഞ ഒമ്പത് ദശാബ്ദത്തില്‍ അധികമായി കോണ്‍ഗ്രസ് വിരോധംകൊണ്ട് ഇന്ത്യയിലെ ഇടതുപാര്‍ട്ടികള്‍ എന്തുനേടി. പ്രത്യേകിച്ച് സി.പി.എം. ഇപ്പോഴും അന്ധമായ കോണ്‍ഗ്രസ് വിരോധം പ്രചരിപ്പിച്ച് കേരളത്തിലെ ജനങ്ങളെ വഞ്ചിക്കാന്‍ ശ്രമിക്കുകയാണ്. ഏത് ചെകുത്താനെയും കൂട്ട് പിടിച്ച് കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് പുറത്താക്കുമെന്ന് പ്രഖ്യാപിച്ച ഇ.എം.എസിന്റെ സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നവരാണ് കോടിയേരിയും പിണറായി വിജയനും.
കോണ്‍ഗ്രസിനെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ പരോക്ഷമായി ബി.ജെ.പിയെ പിന്തുണയ്ക്കുകയാണ്. കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തുന്ന കൂട്ടുകെട്ടുകളില്‍ ചെന്ന് ചാടാതെ രാഹുല്‍ഗാന്ധിയുടെ നേതൃത്വം അംഗീകരിച്ച് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തയ്യാറാകണം. ഇന്ത്യയിലെ ഒരു സംസ്ഥാനത്തും ബി.ജെ.പിയെ നേരിടാനുള്ള ശക്തിയോ ജനപിന്തുണയോ ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് ഇല്ല. ദേശീയ രാഷ്ട്രീയത്തില്‍ ഇടപെടാന്‍ ശേഷിയില്ലാത്ത വിധം ശക്തിക്ഷയം സംഭവിച്ച അവസ്ഥയിലാണ് സി.പി.എമ്മും മറ്റ് ഇടതുപക്ഷ പാര്‍ട്ടികളും.
സി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന സി.കെ. ചന്ദ്രപ്പന് മരിക്കുന്നതിന് കുറച്ചുനാള്‍ മുമ്പ് ഡല്‍ഹിയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന മെയിന്‍സ്ട്രീം വാരികക്ക് (2015 മാര്‍ച്ച് 28) നല്കിയ അഭിമുഖത്തില്‍ കമ്മ്യൂണിസത്തിന്റെ ഭാവിയെക്കുറിച്ച് പറഞ്ഞ വാചകങ്ങള്‍ വളരെ ശ്രദ്ധേയമാണ്. ‘സി.പി.എം മുങ്ങാന്‍ പോകുന്നു, ഒപ്പം ഞങ്ങളും (The CPI (M) is going to sink, the CPI will also sink along with it)’ ഇതാണ് ഇന്ത്യയിലെ ഇടതുപക്ഷ പാര്‍ട്ടികളുടെ അവസ്ഥ. നിലയില്ലാത്ത കയത്തില്‍ മുങ്ങിത്താഴ്ന്നുകൊണ്ടിരിക്കുന്ന ഈ പാര്‍ട്ടികള്‍ക്ക് 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ എന്ത് റോള്‍ വഹിക്കാന്‍ കഴിയും. മുങ്ങാന്‍ പോകുന്ന പാര്‍ട്ടിയെന്ന് ചന്ദ്രപ്പന് വിശേഷിപ്പിച്ച ഈ പാര്‍ട്ടികള്‍ക്ക് എന്തിന് കേരളത്തിലെ ജനങ്ങള്‍ വോട്ട് ചെയ്യണം കോണ്‍ഗ്രസുമായുള്ള ബന്ധം വിച്ഛേദിച്ച ശേഷം സി.പി.ഐയുടെ വളര്‍ച്ച പടവലങ്ങ പോലെയായിരുന്നുവെന്ന് കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
** (ചന്ദ്രപ്പന്റെ അഭിമുഖത്തെക്കുറിച്ചുള്ള വാര്‍ത്ത 2015 ഏപ്രില്‍ 11ലെ മാതൃഭൂമി പത്രത്തില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട് – ചന്ദ്രപ്പന് പറഞ്ഞു – ‘സി.പി.എം മുങ്ങാന്‍ പോകുന്നു ഒപ്പം നമ്മളും * * *
കോണ്‍ഗ്രസുമായി സഖ്യമുണ്ടായിരുന്ന കാലത്ത് സി.പി.ഐക്ക് 20 പാര്‍ലമെന്റ് അംഗങ്ങളും നൂറിലധികം നിയമസഭാ സമാജികരും ഉണ്ടായിരുന്നു. ഇക്കഴിഞ്ഞ ലോക്സഭയില്‍ സി.പി.ഐക്ക് കേവലം ഒരു അംഗമാണ് ഉണ്ടായിരുന്നത്. ദേശീയ അടിസ്ഥാനത്തില്‍ ഒരുശതമാനം വോട്ടുപോലും നേടാന്‍ കഴിഞ്ഞില്ല. ഇത്തരം ഈര്‍ക്കിലി പാര്‍ട്ടികള്‍ക്ക് ദേശീയ രാഷ്ട്രീയത്തില്‍ എന്ത് സ്ഥാനമാണ് വഹിക്കാന്‍ കഴിയുന്നത്. ഇത്തരം പാര്‍ട്ടികളെ തെരഞ്ഞെടുത്ത് വിടുന്നതുകൊണ്ട് രാജ്യത്തിനോ സംസ്ഥാനത്തിനോ എന്തെങ്കിലും ഗുണമുണ്ടാകുമെന്ന് കരുതാനാകില്ല. കേരളത്തിലെ വോട്ടര്‍മാര്‍ ബുദ്ധിപൂര്‍വ്വം നിങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണം. രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ ശക്തിപ്പെടുത്താന്‍ പരമാവധി യു.ഡി.എഫ് – കോണ്‍ഗ്രസ് എം.പിമാരെ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കാന്‍ തയ്യാറാകണം.