റിയാസ് നൽകിയ സത്യവാങ്മൂലത്തില്‍ ഭാര്യയുടെ വരുമാനത്തിലെ ആ തുക ഇല്ലാത്തത് എന്തുകൊണ്ട്?; രേഖകള്‍ പുറത്തുവിട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ

Jaihind Webdesk
Friday, August 11, 2023

 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകളുടേത് സുതാര്യമായ വ്യവസായ പങ്കാളിത്ത ഇടപാടാണെങ്കിൽ എന്തുകൊണ്ട് ആ തുകയുടെ കാര്യം മന്ത്രി മുഹമ്മദ് റിയാസ് നൽകിയ തിരഞ്ഞെടുപ്പ് അഫിഡവിറ്റിൽ കാണിച്ചിട്ടില്ലെന്ന് സിപിഎം വ്യക്തമാക്കണമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ ആവശ്യപ്പെട്ടു. മുഹമ്മദ് റിയാസ് നൽകിയ സത്യവാങ്മൂലത്തില്‍
ഭാര്യയുടെ വരുമാനത്തിൽ സിഎംആർഎല്ലില്‍ (CMRL) നിന്നും വാങ്ങിയ തുക കാണിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന രേഖകളും മാത്യു കുഴൽനാടൻ പുറത്തുവിട്ടു.

നിയമാനുസൃതമായ കരാറിന്‍റെ അടിസ്ഥാനത്തിലുള്ള ഇടപാടാണ് വീണയുടേതെന്ന സിപിഎം വാദത്തെ മന്ത്രി മുഹമ്മദ് റിയാസ് തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ അഫിഡവിറ്റ് പുറത്ത് വിട്ടാണ് മാത്യു കുഴൽനാടൻ വെല്ലുവിളിച്ചത്. ഇടപാട് സുതാര്യമെങ്കിൽ മുഹമ്മദ് റിയാസ് നൽകിയ അഫിഡവിറ്റിൽ ഭാര്യയുടെ വരുമാനത്തിൽ CMRL നിന്നും വാങ്ങിയ തുക എന്തുകൊണ്ട് കാണിച്ചിട്ടില്ലെന്ന് സിപിഎം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിയമസഭയിൽ മൈക്ക് ഓഫ് ചെയ്തതുകൊണ്ട് തന്‍റെ വായടപ്പിക്കാൻ ആവില്ലെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. കോടിയേരിയുടെ മകന്‍റെ കാര്യത്തിൽ നിന്ന് വിഭിന്നമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വീണയുടെ കാര്യം ഏറ്റെടുത്തതുകൊണ്ട് തന്‍റെ ചോദ്യങ്ങൾ സിപിഎമ്മിനോട് ആണെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം നേതൃത്വത്തിന് മുഖ്യമന്ത്രിയെ ഭയമാണെന്നും സിപിഎമ്മിന്‍റെ ഏറ്റവും വലിയ അപചയത്തിന്‍റെ കാരണവും ഈ ഭയം ആണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന് മുഖ്യമന്ത്രിയെ ഭയമില്ലെന്നും ചോദ്യങ്ങൾ ചോദിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.