രാജ്യത്തുടനീളം വർധിച്ചുവരുന്ന കൊറോണ വൈറസ് കേസുകൾക്കിടെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ബ്ലാക്ക് ഫംഗസ് അണുബാധ കേസുകളും വർധിക്കുകയാണ്. ബ്ലാക്ക്ഫംഗസിനേക്കാൾ അപകടകരമെന്ന് കരുതപ്പെടുന്ന വൈറ്റ് ഫംഗസ് കേസുകൾ ബിഹാറിലെ പട്നയിൽ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. പട്നയിൽ നിന്നുള്ള പ്രശസ്ത ഡോക്ടറാണ് രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ ഒരാളെന്നും ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ബ്ലാക്ക് ഫംഗസ് അണുബാധയേക്കാൾ അപകടകരമാണ് വൈറ്റ് ഫംഗസ് അണുബാധയെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ശ്വാസകോശം, ചർമ്മം, ആമാശയം, വൃക്ക, തലച്ചോറ്, സ്വകാര്യ ഭാഗങ്ങൾ, നഖങ്ങൾ, വായ എന്നിവയെയും ബാധിക്കുന്നതാണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. വൈറ്റ് ഫംഗസ് ബാധിതനായ രോഗിക്ക് എച്ച്ആർസിടി നടത്തുമ്പോൾ കൊവിഡിന് സമാനമായ അണുബാധ കണ്ടെത്തുമെന്നും ഡോക്ടർമാർ പറഞ്ഞു.
വൈറ്റ് ഫംഗസ് ബാധിച്ച നാല് പേരും കൊറോണ വൈറസ് തരത്തിലുള്ള ലക്ഷണങ്ങൾ കാണിച്ചെങ്കിലും അവർ കൊവിഡ് പോസിറ്റീവ് ആയിരുന്നില്ലെന്ന് പിഎംസിഎച്ചിലെ ചീഫ് മൈക്രോബയോളജി ചീഫ് ഡോ. എസ്.എന്‍ സിംഗ് പറഞ്ഞു. രോഗപ്രതിരോധ ശേഷി കുറവുള്ളവർക്ക് ബ്ലാക്ക് ഫംഗസ് പോലെ തന്നെ വൈറ്റ് ഫംഗസും കൂടുതൽ അപകടകാരികളാണ്. പ്രമേഹ രോഗികൾക്കും ദീർഘകാലത്തേക്ക് സ്റ്റിറോയിഡുകൾ എടുക്കുന്നവർക്കും വൈറ്റ് ഫംഗസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നും ഡോ. സിംഗ് വ്യക്തമാക്കി.
ഓക്സിജൻ ആവശ്യമായിവരുന്ന കൊറോണ വൈറസ് രോഗികളെയും വൈറ്റ് ഫംഗസ് ബാധിക്കുന്നു. വൈറ്റ് ഫംഗസ് രോഗികളുടെ ശ്വാസകോശത്തെ നേരിട്ട് ബാധിക്കുന്നു. ക്യാൻസർ രോഗികളും വൈറ്റ് ഫംഗസിനെതിരെ ജാഗ്രത പാലിക്കണമെന്ന് ഡോക്ടർമാർ പറഞ്ഞു.