‘വിഴിഞ്ഞത്ത് കണ്ടത് സിപിഎം-ബിജെപി അവിശുദ്ധ കൂട്ടുകെട്ട്; കോണ്‍ഗ്രസ് വിഴിഞ്ഞത്തെ നിരാലംബരായ മനുഷ്യർക്കൊപ്പം’; കെ.സി വേണുഗോപാല്‍ എംപി

Jaihind Webdesk
Tuesday, November 1, 2022

 

തിരുവനന്തപുരം: വിഴിഞ്ഞത്ത് കണ്ടത് സിപിഎം-ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്‍റെ ഉദാഹരണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി  വേണുഗോപാല്‍ എം.പി. സിപിഎം ജില്ലാ സെക്രട്ടറിയും ബിജെപി ജില്ലാ പ്രസിഡന്‍റും ഒത്തൊരുമയോടെ വിഴിഞ്ഞത്ത് നിൽക്കുന്നത് കാണുമ്പോൾ കേരളത്തിന് ഇക്കാര്യം ബോധ്യപ്പെടും. വർഗീയ-കോർപ്പറേറ്റ് ശക്തികൾക്കൊപ്പം നില്‍ക്കുക എന്നതാണ് സിപിഎം നയമെങ്കിൽ വിഴിഞ്ഞത്തെ നിരാലംബരായ മനുഷ്യർക്കൊപ്പം നിൽക്കുക എന്നതാണ് കോൺഗ്രസ്‌ നയമെന്ന് ‘കൂട്ടുകക്ഷി’കളെ ഓർമിപ്പിക്കുന്നതായും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

വിഴിഞ്ഞം മത്സ്യത്തൊഴിലാളി സമരത്തിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും ബിജെപി ജില്ലാ പ്രസിഡന്‍റ് വി.വി രാജേഷും ഒരേ വേദി പങ്കിട്ട സംഭവത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു കെ.സി വേണുഗോപാല്‍ എംപിയുടെ പ്രതികരണം.

കെ.സി വേണുഗോപാല്‍ എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ഒരുവശത്ത് ബി.ജെ.പിയുടെ നോമിനിയായി വന്ന ഗവർണറുമായുള്ള ഏറ്റുമുട്ടൽ. അതിനെ നമുക്ക് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടമെന്ന് വിളിക്കാം. മറുവശത്ത് വിഴിഞ്ഞത്ത് സമരവുമായി മുന്നോട്ടുപോകുന്ന പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്കെതിരെ ബി.ജെ.പിയുമായി കൈകോർത്ത് സമരം. ഇതിനെ ഏത് പേരിട്ട് വിളിക്കണമെന്ന് ജനങ്ങൾക്ക് തീരുമാനിക്കാം.
കാലങ്ങളായി കേരളത്തിൽ നിലനിന്നിരുന്ന സി.പി.എം-ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ട് മറനീക്കി പുറത്തുവരുന്നതിന്റെ കേവലമൊരു ഉദാഹരണം മാത്രമാണ് വിഴിഞ്ഞത്ത് കണ്ടത്. ഗവർണർക്കെതിരായ പോരാട്ടം പോലും ബി.ജെ.പി സർക്കാരിനെതിരാണെന്ന് വീമ്പിളക്കുന്നവരുടെ തനിനിറമെന്തെന്ന് സി.പി.എം ജില്ലാ സെക്രട്ടറിയും ബി.ജെ.പി ജില്ലാ പ്രസിഡന്റും ഒത്തൊരുമയോടെ വിഴിഞ്ഞത്ത് നിൽക്കുന്നത് കാണുമ്പോൾ കേരളത്തിന് ബോധ്യപ്പെടും.

മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾ പരിഹരിക്കാൻ ഒരു ചെറുവിരൽ പോലുമനക്കാത്ത സംസ്ഥാന സർക്കാർ, സമരസമിതി കലാപത്തിന് കോപ്പുകൂട്ടുന്നുവെന്ന് പറയുന്നതിന് പിന്നിൽ ഒരൊറ്റ കാരണമേയുള്ളൂ. പണത്തിന് മീതെ ഒരു പൊളിറ്റ് ബ്യൂറോ അംഗവും പറക്കില്ലെന്ന് സി.പി.എം എഴുതി ഒപ്പിട്ടുതരുന്ന രാഷ്ട്രീയ ജീർണതയാണത്.
കേരളത്തിന്റെ ജനാധിപത്യ-മതേതര ബോധ്യങ്ങളെ അട്ടിമറിച്ചുകൊണ്ട് വർഗീയ-കോർപ്പറേറ്റ് ശക്തികൾക്കൊപ്പം അണിനിരക്കുക എന്നതാണ് സി.പി.എം നയമെങ്കിൽ, വിഴിഞ്ഞത്തെ നിരാലംബരായ മനുഷ്യർക്കൊപ്പം നിൽക്കുക എന്നതാണ് കോൺഗ്രസ്‌ നയമെന്ന് ‘കൂട്ടുകക്ഷി’കളെ ഓർമിപ്പിക്കുന്നു.