രാജ്യം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ നിരുത്തരവാദപരമായ അബദ്ധ പ്രസ്താവനകള്‍ നിരന്തരമായി നടത്തുന്ന ധനമന്ത്രി നിർമല സീതാരാമനും മോദി സര്‍ക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മണ്ടന്‍ സിദ്ധാന്തങ്ങളോ പ്രത്യേക ലക്ഷ്യങ്ങളോടെയുള്ള വ്യാജവാർത്തകള്‍ പ്രചരിപ്പക്കലോ അല്ല വേണ്ടത്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള വ്യക്തമായ ഒരു പദ്ധതിയാണ് രാജ്യത്തിന് ആവശ്യമെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് സാമ്പത്തിക മാന്ദ്യം മറച്ചുവെക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യയിലെ വാഹന വിപണി നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം പുതുതലമുറയില്‍പ്പെട്ടവർ ഓണ്‍ലൈന്‍ ടാക്സി സർവീസുകളായ ഊബർ, ഒല എന്നിവയെ ആശ്രയിക്കുന്നതുകൊണ്ടാണെന്ന ധനമന്ത്രി നിർമല സീതാരാമന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
‘പ്രത്യേക ലക്ഷ്യത്തോടെയുള്ള വ്യാജ വാര്‍ത്താ പ്രചരണങ്ങളോ മില്ലേനിയലുകളെക്കുറിച്ചുള്ള വിഡ്ഢിത്തം നിറഞ്ഞ സിദ്ധാന്തങ്ങളോ അല്ല. സാമ്പത്തിക രംഗത്തെ കരകയറ്റാനുള്ള സുദൃഢമായ പദ്ധതിയാണ് രാജ്യത്തിന് ആവശ്യം. ഒളിച്ചോട്ടമല്ല, പ്രശ്നത്തെ അംഗീകരിക്കലാണ് അത് പരിഹരിക്കാനുള്ള ആദ്യ പടി” – രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
What India needs isn’t propaganda, manipulated news cycles & foolish theories about millennials, but a concrete plan to #FixTheEconomy that we can all get behind.
Acknowledging that we have a problem is a good place to start.https://t.co/mAycubTxy1
— Rahul Gandhi (@RahulGandhi) September 12, 2019
രാജ്യത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണങ്ങള്‍ ചൂണ്ടിക്കാട്ടുന്ന മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്‍റെ പ്രസ്താവന ഉദ്ധരിച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. നോട്ട് നിരോധനവും, അശാസ്ത്രീയമായി ജി.എസ്.ടി നടപ്പിലാക്കിയതുമാണ് സാമ്പത്തിക മാന്ദ്യത്തിന് പ്രധാന കാരണമെന്ന് ഡോ. മന്‍ മോഹന്‍ സിംഗ് ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസ് സർക്കാരിന്‍റെ കാലത്ത് 91 ലെ പ്രതിസന്ധിയും 2008 ലെ ആഗോള പ്രതിസന്ധിയും വിജയകരമായി മറികടന്നതും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പ്രതിസന്ധി മറികടക്കാന്‍ അടിയന്തരമായി വ്യക്തമായ പദ്ധതി ആവിഷ്കരിച്ചില്ലെങ്കില്‍ രാജ്യം സമാനതകളില്ലാത്ത ദുരവസ്ഥയിലേക്ക് കൂപ്പുകുത്തുമെന്നതാണ് വസ്തുത.