എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ‘നാലു വർഷം എന്തുചെയ്തു?, എന്തുകൊണ്ട് ഇത്രയും കാലം സര്‍ക്കാര്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ മൗനം പാലിച്ചുവെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം പരിശോധിക്കണമെന്നും നിർദേശിച്ചു. റിപ്പോർട്ടിന്‍റെ പൂർണരൂപം അന്വേഷണ സംഘത്തിന് കൈമാറണം. നടപടികളിൽ തിടുക്കം പാടില്ലെന്ന് നിർദേശിച്ച കോടതി എഫ്ഐആർ വേണോ എന്ന് റിപ്പോർട്ട് പരിശോധിച്ചുമാത്രം തീരുമാനിക്കാമെന്നും അഭിപ്രായപ്പെട്ടു.
നാലു വർഷം സർക്കാർ നടപടിയെടുത്തില്ലെന്നത് ആശ്ചര്യമുളവാക്കുന്നതാണ്. സർക്കാരിന്‍റേത് അതിശയിപ്പിക്കുന്ന നിഷ്ക്രിയത്വമാണ്. കോടതിക്ക് നിഷ്ക്രിയമായി ഇരിക്കാനാകില്ല. റിപ്പോർട്ടിൽ ബലാത്സംഗം, പോക്സോ കേസുകൾ റജിസ്റ്റർ ചെയ്യാനുള്ള വസ്തുതയുണ്ട് -കോടതി ചൂണ്ടിക്കാട്ടി.
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ആറു ഹർജികൾ പരിഗണിക്കാൻ ഹൈക്കോടതിയിൽ പ്രത്യേക ബെഞ്ചിന്റെ സിറ്റിങ് ആണ് ആരംഭിച്ചത്. ജസ്റ്റിസ് ജയശങ്കർ നമ്പ്യാർ, ജസ്റ്റിസ് സി.എസ്.സുധ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ആണ് ഹർജികൾ കേൾക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നിർമാതാവ് സജിമോൻ പാറയിൽ നൽകിയ അപ്പീൽ ഹര്‍ജി, ആരോപണ വിധേയരായവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ പായിച്ചിറ നവാസ് നൽകിയ പൊതുതാൽപര്യ ഹര്‍ജി, കുറ്റകൃത്യങ്ങൾ ചെയ്തവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാത്തതിനെതിരെ മുൻ എംഎൽഎ ജോസഫ് എം. പുതുശേരി ഫയൽ ചെയ്ത ഹര്‍ജി തുടങ്ങിയവയാണ് ബെഞ്ച് പരിഗണിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുരുതെന്ന ഹര്‍ജിക്ക് ഇനി പ്രസക്തിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.