പ്രകൃതിക്കായി ഉഴിഞ്ഞുവച്ച ജീവിതം; മാധവ് ഗാഡ്ഗിലിന്റെ നിര്യാണത്തില്‍ വി.ഡി. സതീശന്‍ അനുശോചിച്ചു

Jaihind News Bureau
Thursday, January 8, 2026

 

പശ്ചിമഘട്ട സംരക്ഷണത്തിന്റെ കാവലാളായിരുന്ന ഡോ. മാധവ് ഗാഡ്ഗിലിന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അനുശോചിച്ചു. പരിസ്ഥിതി സംരക്ഷണത്തിനും പ്രകൃതി പഠനത്തിനുമായി തന്റെ ജീവിതം മാറ്റിവെച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന് അനുശോചന കുറിപ്പില്‍ അദ്ദേഹം പറഞ്ഞു.

പശ്ചിമഘട്ട പരിസ്ഥിതിയെ ഇത്രത്തോളം ആഴത്തില്‍ പഠിച്ച വ്യക്തികള്‍ വിരളമാണ്. രാജ്യത്തിന്റെ പ്രകൃതി സമ്പത്ത് വരുംതലമുറകള്‍ക്കായി കാത്തുസൂക്ഷിക്കണമെന്ന് അദ്ദേഹം നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. മനുഷ്യകേന്ദ്രീകൃതമായ പരിസ്ഥിതി സംരക്ഷണം, സന്തുലിത വികസനം, വികേന്ദ്രീകൃത ഭരണം എന്നിവയായിരുന്നു അദ്ദേഹത്തിന്റെ ചിന്തകളുടെ കേന്ദ്രബിന്ദു. വിമര്‍ശനങ്ങളെ ശാസ്ത്രബോധത്തോടെയും സമചിത്തതയോടെയും നേരിട്ട സൗമ്യവും ദീപ്തവുമായ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.

പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ച ഡോ. മാധവ് ഗാഡ്ഗിലിന് ആദരവോടെ പ്രണാമം അര്‍പ്പിക്കുന്നതായും അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ വരുംകാലത്തും വഴികാട്ടിയായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.