
എല്‍.ഡി.എഫ്. സര്‍ക്കാരിന്‍റെ പുതിയ ക്ഷേമ പ്രഖ്യാപനങ്ങള്‍ ‘ജാള്യത മറയ്ക്കാനുള്ള നീക്കമാണെന്ന്’ പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും നല്‍കുന്ന ഏത് ആനുകൂല്യത്തെയും സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, അധികാരത്തില്‍ വരുന്നതിന് മുമ്പ് പ്രഖ്യാപിച്ച സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ 2500 ആക്കാനുള്ള വാഗ്ദാനം നാലര വര്‍ഷമായി പാലിച്ചില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 400 കൂട്ടിയത് വഴി യഥാര്‍ത്ഥത്തില്‍ ജനങ്ങള്‍ക്ക് 900 നഷ്ടമാണ് സംഭവിച്ചത്. കേരളത്തിലെ ജനങ്ങളെ ഇങ്ങനെ കബളിപ്പിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറവൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ആശാവര്‍ക്കര്‍മാരുടെ സമരത്തെ പരിഹസിച്ച സര്‍ക്കാരാണ് ഇപ്പോള്‍ വെറും 33 കൂടുതല്‍ ഓണറേറിയം നല്‍കിയിരിക്കുന്നതെന്നും വി.ഡി സതീശന്‍ വിമര്‍ശിച്ചു. ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം ഗൗരവകരമായി വര്‍ദ്ധിപ്പിക്കണമെന്ന് ഹൈക്കോടതി പോലും പറഞ്ഞിട്ടുള്ളതാണ്. കൂടാതെ, ക്ഷേമനിധികള്‍ ഇത്രയധികം മുടങ്ങിയ കാലം മുമ്പുണ്ടായിട്ടില്ല. ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും എല്ലാം കൂടി ഈ സര്‍ക്കാര്‍ നല്‍കാനുള്ള കുടിശ്ശിക ഒരു ലക്ഷം കോടി രൂപയാണ് എന്നും അദ്ദേഹം ആരോപിച്ചു. പെന്‍ഷന്‍ നല്‍കിത്തുടങ്ങിയത് നായനാര്‍ സര്‍ക്കാരാണെന്ന സി.പി.എം. പ്രചാരണം പച്ചക്കള്ളമാണെന്നും, തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ഈ വര്‍ധനയുടെ പിന്നിലെ തന്ത്രം മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി കേരളത്തിലെ ജനങ്ങള്‍ക്കുണ്ടെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 18 മാസത്തെ പെന്‍ഷന്‍ കുടിശ്ശികയുണ്ടായിരുന്നു എന്ന സി.പി.എം. ‘ക്യാപ്സ്യൂള്‍’ തെളിയിക്കാന്‍ മുഖ്യമന്ത്രിയെയും ധനകാര്യമന്ത്രിയെയും വെല്ലുവിളിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കൂടാതെ, പി.എം. ശ്രീ പദ്ധതിയുടെ ധാരണാപത്രം ആരും അറിയാതെ ഒപ്പിട്ട ശേഷം മന്ത്രിസഭ ഉപസമിതി രൂപീകരിച്ചതിനെ അദ്ദേഹം വിമര്‍ശിച്ചു. ഇത് സി.പി.ഐയെ പറ്റിക്കാനുള്ള തന്ത്രമാണ്. ഇതില്‍നിന്ന് പിന്മാറാന്‍ മുഖ്യമന്ത്രി ഭയക്കുന്നത് എന്തിനാണെന്നും, അദ്ദേഹത്തിന് എന്ത് സമ്മര്‍ദ്ദമാണ് ഉള്ളതെന്നും സതീശന്‍ ചോദിച്ചു. 2026-ല്‍ നൂറിലധികം സീറ്റുമായി യു.ഡി.എഫ്. തിരിച്ചു വരുമെന്നും, അതിന് നേതൃത്വം നല്‍കുന്നത് കോണ്‍ഗ്രസായിരിക്കുമെന്നും വി. ഡി. സതീശന്‍ പ്രഖ്യാപിച്ചു. കോണ്‍ഗ്രസിലാണ് പ്രശ്‌നമെന്നത് സി.പി.എം. പറയുന്ന കള്ളക്കഥയാണ്. യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ എല്‍.ഡി.എഫിലാണ് കുഴപ്പമെന്നും അദ്ദേഹം പരിഹസിച്ചു.