ഈ വക “ഫൈവ് സ്റ്റാർ” സേവനങ്ങൾക്കാണോ പണം നല്‍കേണ്ടത് ?; സര്‍ക്കാര്‍ ഒരുക്കിയ ക്വാറന്‍റൈന്‍ കേന്ദ്രങ്ങളിലെ ദുരവസ്ഥ തുറന്നുകാട്ടി പ്രവാസികൾ, ദൃശ്യങ്ങള്‍ പുറത്തുവിട്ട് വി.ടി ബല്‍റാം| VIDEO

പ്രവാസികള്‍ക്കായി കേരള സര്‍ക്കാര്‍ ഒരുക്കിയ ക്വാറന്‍റൈന്‍ കേന്ദ്രത്തിലെ ദുരവസ്ഥ തുറന്നുകാട്ടുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് വി.ടി ബല്‍റാം എംഎല്‍എ. ക്വാറന്‍റൈന്‍ കേന്ദ്രത്തില്‍ നിന്നും പ്രവാസികള്‍ ചിത്രീകരിച്ച വീഡിയോയാണ് ബല്‍റാം ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ചോർന്നൊലിക്കുന്ന, ചിതലരിച്ച  മുറികളും  വൃത്തിഹീനമായ ടോയ്ലറ്റുകളും തുരുമ്പിച്ച കട്ടിലുകളുമെല്ലാം  ദൃശ്യങ്ങളില്‍ കാണാം. ഈ വക “ഫൈവ് സ്റ്റാർ” സേവനങ്ങൾക്കാണ് ഇനി മുതൽ പാവപ്പെട്ട പ്രവാസികൾ കൂടി സർക്കാരിന് പണം നൽകേണ്ടതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ഇത് ക്യാബിനറ്റ് റാങ്കുള്ള ഭരണപരിഷ്ക്കാര കമ്മീഷൻ ചെയർമാൻ്റെ മണ്ഡലത്തിലെ ഒരു ക്വാറൻ്റീൻ കേന്ദ്രത്തിൽ നിന്ന് അവിടെ പ്രവേശിക്കപ്പെട്ട പ്രവാസികൾ ചിത്രീകരിച്ച വിഡിയോകൾ. പ്രവാസികൾക്കായി കേരള സർക്കാർ ഒരുക്കിയ ക്വാറൻ്റീൻ സൗകര്യങ്ങളിൽ പലതിൻ്റേയും അവസ്ഥയാണിത്. ചോർന്നൊലിക്കുന്ന, ചിതലരിച്ച ഹോസ്റ്റൽ മുറികൾ, സ്കൂൾ/കോളേജ് കെട്ടിടങ്ങൾ. വൃത്തിഹീനമായ ടോയ്ലറ്റുകൾ. തുരുമ്പിച്ച കട്ടിലുകൾ. ടാപ്പ് തുറന്നാൽ മലിനജലം.

പ്രവാസികൾക്ക് ആകെ നൽകുന്നത് ബക്കറ്റ്, മഗ്, പേസ്റ്റ്, ബ്രഷ്, സോപ്പ് ഓരോന്നു വീതം. കിടക്കയും തലയിണയും ഷീറ്റും ചിലയിടത്ത് മാത്രം. മിക്കയിടത്തും ഉപയോഗിച്ച് പഴകിയത്. പിന്നെ മൂന്ന് നേരം കമ്മ്യൂണിറ്റി കിച്ചൻ നിലവാരത്തിലുള്ള 25 രൂപയുടെ ഭക്ഷണം. ഇതൊക്കെത്തന്നെ സംസ്ഥാന സർക്കാരല്ല വഹിക്കുന്നത്, അതത് പഞ്ചായത്തുകൾ പൊതുജന സഹായത്തോടെ അറേഞ്ച് ചെയ്യുന്നു. ക്വാറൻറീൻ സ്ഥലങ്ങൾ മിക്കതും വിവിധ സംഘടനകളും സ്ഥാപനങ്ങളും സർക്കാരിന് സൗജന്യമായി വിട്ടുകൊടുത്തത്. ഭക്ഷണച്ചെലവ് തഹസീൽദാർ ഏറ്റെടുക്കുമെന്ന് ഇടക്കാലത്ത് ഉത്തരവുണ്ടായിരുന്നു. പക്ഷേ തൊട്ടടുത്ത ദിവസം അത് മാറ്റി വീണ്ടും പഞ്ചായത്തുകളുടെ തലയ്ക്ക് വച്ചു.

ഈ വക “ഫൈവ് സ്റ്റാർ” സേവനങ്ങൾക്കാണ് ഇനി മുതൽ പാവപ്പെട്ട പ്രവാസികൾ കൂടി സർക്കാരിന് പണം നൽകേണ്ടത്.

Comments (0)
Add Comment