വനിതാ മതിൽ : കുടുംബശ്രീ പ്രവർത്തകരെ ഭീഷണിപ്പെടുത്തി; ശബ്ദരേഖ പുറത്ത്

Jaihind Webdesk
Tuesday, December 25, 2018

Kudumbasree-Vanitha Mathil

വനിതാ മതിലിൽ കുടുംബശ്രീ പ്രവർത്തകരെ ഭീഷണിപ്പെടുത്തി പങ്കെടുപ്പിക്കാൻ നേതൃത്വം നിർദ്ദേശം നൽകുന്നതിന്‍റെ ശബ്ദരേഖ പുറത്ത്. വനിതാമതിലിൽ പങ്കെടുത്തില്ലെങ്കിൽ അത്തരം അയൽകൂട്ടത്തെ പിരിച്ച് വിടുമെന്ന് ജില്ലാമിഷൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ശബ്ദരേഖ വ്യക്തമാക്കുന്നു. ഇതോടെ കുടുംബശ്രീ മിഷൻ മുഖേന കോടിക്കണക്കിന് രൂപ ചിലവഴിച്ച് വനിതാ മതിൽ വിജയിപ്പിക്കാനാണ് സർക്കാർ തീരുമാനമെന്നും വ്യക്തമായി.

വനിതാ മതിലിൽ ആരേയും നിർബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്നും, സർക്കാർ ഫണ്ട് വിനിയോഗിക്കില്ലെന്നും മുഖ്യമന്ത്രി ഇടക്കിടെ പറയുന്നുണ്ടെങ്കിലും വാസ്തവം അതല്ല. മനുഷ്യ ചങ്ങലയല്ലാത്തതിനാൽ വനിതകളുടെ എണ്ണത്തിൽ കുറവുണ്ടായാൽ അത് മതിലിനെ ബാധിക്കുമെന്നും, അതിനാൽ കുടുംബശ്രീ യൂണിറ്റുകളെ പൂർണമായും മതിലിന്റെ ഭാഗമാക്കാനുമാണ് സർക്കാർ നിർദ്ദേശം. ഒരു കുടുംബശ്രീ യൂണിറ്റിൽ നിന്നും നിർബന്ധമായും 10പേർ മതിലിൽ പങ്കെടുക്കണം, മാത്രമല്ല 15 വയസ്സിന് മുകളിലുള്ള പെൺകുട്ടികളെ ഒപ്പം കൂട്ടണമെന്നും കുടുംബശ്രീ യൂണിറ്റ്കൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനുപുറമെയാണ് ജില്ലാ മിഷന്റെ ഭീഷണി. വനിതാമതിലിൽ പങ്കെടുത്തില്ലെങ്കിൽ അത്തരം അയൽകൂട്ടത്തെ പിരിച്ച് വിടുമെന്ന് ജില്ലാമിഷൻ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. കുടുംബശ്രീ പ്രവർത്തകരുടെ വാട്‌സ്ആപ് ഗ്രൂപ്പിൽ നിന്നും ലഭിച്ച സിഡിഎസ് പ്രസിഡന്റിന്റെ വോയ്‌സ് മെസേജിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.

ഇതുകൂടാതെ കുടംബശ്രീ പ്രവർത്തകരെ മതിലിൽ പങ്കെടുപ്പിക്കുന്നതിനായി സ്ഥലത്തെത്തിക്കുന്നതിനുള്ള ബസുൾപ്പടെയുള്ള വാഹനങ്ങളും ജില്ലാമിഷൻ ഏർപ്പാടു ചെയ്തിട്ടുണ്ട്. ഇതിനുളള തുകയും സർക്കാർ നൽകും.

ഇതോടെ വനിതാമതിൽ എന്ന വിഭജനമതിൽ വിജയിപ്പിക്കുന്നതിനായി സർക്കാർ ഭീഷണിയുടെ സ്വരവും, കോടികൾ ചിലവാക്കുന്നുണ്ടെന്നും പരസ്യമായിരിക്കുകയാണ്