‘എനിക്ക് പേടിയാ അച്ഛാ… എന്നെ തല്ലുന്നു… എനിക്കങ്ങ് വരണം… നിർത്തിയിട്ട് പോയാല്‍ എന്നെ കാണത്തില്ല’; കരഞ്ഞുപറഞ്ഞ് വിസ്മയ, ശബ്ദസന്ദേശം പുറത്ത്

Jaihind Webdesk
Sunday, May 22, 2022

കൊല്ലം: സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയ ശാരീരിക മാനസിക പീഡനം ഏറ്റിരുന്നു എന്നതിന് തെളിവുകൾ പുറത്ത്. ഭർത്താവ് കിരണ്‍ കുമാറിന്‍റെ വീട്ടില്‍ നില്‍ക്കാനാവില്ലെന്ന് അച്ഛനോട് കരഞ്ഞുകൊണ്ട് പറയുന്ന വിസ്മയയുടെ ശബ്ദസന്ദേശം പുറത്തുവന്നു.  കിരൺ മർദ്ദിച്ചിരുന്നുവെന്നും കരഞ്ഞുകൊണ്ട് വിസ്മയ പറയുന്നു. അതേസമയം കേസില്‍ നാളെയാണ് വിധി പറയുന്നത്.

“ഇവിടെ നിൽക്കാനാവില്ല, കിരണ്‍ മർദ്ദിക്കുന്നു, ഇവിടെ നിർത്തിയിട്ട് പോയാല്‍ എന്നെ ഇനി കാണില്ല, എനിക്ക് സഹിക്കാനാകുന്നില്ല” എന്ന് വിസ്മയ അച്ഛനോട് കരഞ്ഞുകൊണ്ടുപറയുന്നു. കഴിഞ്ഞ ജൂൺ 21 നാണ് വിസ്മയയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. വിസ്മയയുടെ അച്ഛനും സഹോദരനും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തൊട്ടടുത്ത ദിവസം തന്നെ കിരൺ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഇന്ത്യൻ ശിക്ഷാ നിയമം 304 – ബി സ്ത്രീധന പീഡനം മൂലമുള്ള മരണം, 498 A സ്ത്രീധന പീഡനം, 306 ആത്മഹത്യാ പ്രേരണ,  323 പരിക്കേൽപ്പിക്കുക, 506 (1) ഭീഷണിപ്പെടുത്തുക സ്ത്രീധന നിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളുമാണ് പ്രതിയും വിസ്മയയുടെ ഭർത്താവുമായ കിരൺ കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 41 സാക്ഷികളെയാണ് വിസ്തരിച്ചത്. വിസ്താരത്തിനിടെ പ്രതി കിരൺകുമാറിന്‍റെ പിതാവും അടുത്ത ബന്ധുക്കളുമുൾപ്പെടെ 5 സാക്ഷികൾ കൂറുമാറിയിരുന്നു. വിചാരണാവേളയില്‍ പ്രതി കിരണ്‍ കുമാറിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജാമ്യത്തിനായി പ്രതി നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി തള്ളിയിരുന്നു. തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.

കഴിഞ്ഞ വർഷം ജൂൺ 21 നാണ് ശാസ്താംകോട്ടയ്ക്ക് സമീപമുള്ള കിരൺ കുമാറിന്‍റെ വസതിയിലെ കുളിമുറിയിൽ വിസ്മയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഐജി ഹർഷിത അട്ടല്ലൂരിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിച്ച് 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ എൻ സുജിത്ത് നാളെ വിധി പ്രഖ്യാപിക്കാനിരിക്കുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തല്‍ പുറത്തുവന്നിരിക്കുന്നത്.