‘അക്രമങ്ങള്‍ നടത്തുന്നത് സിപിഎമ്മിന്റെ സര്‍വനാശത്തിനാണ്’; ജനം ഇല്ലാതാക്കി കളയുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി

Jaihind News Bureau
Monday, December 22, 2025

തിരെഞ്ഞടുപ്പ് പരാജയം ഉള്‍കൊള്ളാന്‍ സിപിഎം തയ്യാറായിട്ടില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. പെരിന്തല്‍മണ്ണയിലടക്കം വ്യാപക അക്രമങ്ങളാണ് തിരഞ്ഞെടുപ്പിന് ശേഷം സിപിഎം നടത്തുന്നത്. ഇത് സിപിഎമ്മിന്റെ സര്‍വനാശത്തിനാണെന്നും ജനം സിപിഎമ്മിനെ ഇല്ലാതാക്കി കളയുമെന്നും അദ്ദേഹം വ്യക്തമാക്കി. മലപ്പുറത്തെ ജനങ്ങള്‍് സിപിഎമ്മിനെ മൈക്രോ മൈനോരിറ്റിയാക്കി മാറ്റി. അത് അംഗീകരിക്കാനുള്ള പ്രയാസമാണ് ഇത്തരത്തില്‍ അക്രമങ്ങള്‍ നടത്താന്‍ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം കളമശ്ശേരിയില്‍ ആരോപിച്ചു.

പെരിന്തല്‍മണ്ണയില്‍ മുസ്ലീം ലീഗിന്റെ ഓഫീസ് അടിച്ചു തകര്‍ത്തതാണ് സിപിഎം നടത്തിയ ഒടുവിലത്തെ അക്രമം. ഇതില്‍ പ്രതിഷേധിച്ച് യുഡിഎഫ് ഇന്ന് പെരിന്തല്‍മണ്ണയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. തുടര്‍ന്ന് പ്രതികളെ അറസ്റ്റ് ചെയ്തതോടെയാണ് ഹര്‍ത്താല്‍ പിന്‍വലിച്ചത്. ഇത്തരത്തില്‍ കേരളത്തില്‍ വിവിധയിടങ്ങളില്‍ സിപിഎം വ്യാപക അക്രമമാണ് അഴിച്ചു വിടുന്നത്. തദ്ദേശ പോരിലെ ജനവിധി യുഡിഎഫിനൊപ്പമെന്ന തിരിച്ചറിവ് ഉള്‍ക്കൊള്ളാന്‍ കഴിയാതെയാണ് സിപിഎം അക്രമം നടത്തുന്നത്. അതിനായി ആഭ്യന്തരവകുപ്പും മുഖ്യമന്ത്രിയും മൗനാനുവാദം നല്‍കുകയാണ്.