പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തിലെ ക്രമക്കേടിൽ വിജിലൻസ് കേസെടുക്കും

പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തിലെ ക്രമക്കേടിൽ വിജിലൻസ് കേസെടുക്കും. ഇത് സംബന്ധിച്ചു അന്വേഷിക്കുന്ന വിജിലന്‍സ് സംഘം പ്രാഥമിക റിപ്പോര്‍ട്ട് വിജിലൻസ് ഡയറക്ടര്‍ക്കു കൈമാറി. കരാറുകാരെയും ഉദ്യോഗസ്ഥരെയും പ്രതികളാക്കണമെന്ന് റിപ്പോർട്ടിൽ ആവശ്യമുള്ളതായാണ് സൂചന.വിജിലൻസ് ഡയറക്ടറുടെ അനുമതിയോടെ ഈയാഴ്ച തന്നെ കേസെടുത്തേക്കും.

പാലാരിവട്ടം മേൽപാലം നിര്‍മാണത്തിലെ വീഴ്ചകള്‍ നിരത്തിയാണ് ഇതേപ്പറ്റി അന്വേഷണം നടത്തിയ വിജിലൻസ് റിപോര്‍ട് തയാറാക്കിയിരിക്കുന്നത്. കോണ്‍ക്രീറ്റ്, കമ്പികള്‍, ടാറിങ് തുടങ്ങിയ നിര്‍മാണ സാമഗ്രികളുടെ സാംപിള്‍ പരിശോധനയുടെ റിപോര്‍ട്ട് തിരുവനന്തപുരത്തെ ലബോറട്ടറിയില്‍ നിന്ന് വിജിലന്‍സിനു ലഭിച്ചു.ഇത് പഠനവിധേയമാക്കിയാണ് അന്വേഷണ റിപ്പോർട്ട് തയാറാക്കിയത്. ആസൂത്രണം മുതൽ ടാറിങ്ങ് വരെയുള്ള എല്ലാ ഘട്ടത്തിലും ഗുരുതരമായ ക്രമക്കേടുകൾ നടന്നതായി വിദഗ്ധ സംഘം നേരത്തെ കണ്ടെത്തിയിരുന്നു.ഇത് ശരി വെക്കുന്ന തരത്തിലുള്ള റിപ്പോർട്ടാണ് വിജിലൻസ് തയാറാക്കിയതെന്നാണ് വിവരം.നിർമ്മാണ വസ്തുക്കളുടെ ഗുണനിലവാരം അടക്കമുള്ള കാര്യങ്ങൾ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പരിശോധനാ ഫലവും വിജിലന്‍സ് ശേഖരിച്ച ഉദ്യോഗസ്ഥരുടെ മൊഴികളും മറ്റു രേഖകളും പരിശോധിച്ച ശേഷമാകും അന്തിമ റിപോര്‍ട്ട് കൈമാറുക. പ്രാഥമിക റിപോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതു സംബന്ധിച്ചു വിജിലന്‍സ് ഡയറക്ടര്‍ തീരുമാനിക്കും. അഴിമതി നടന്നതായി തെളിഞ്ഞാൽ കേസിൽ പ്രതി ചേർക്കേണ്ടവരുടെ പട്ടിക തയാറാക്കി തുടരന്വേഷണം ആരംഭിക്കും. നേരത്തേ ഐഐടി സംഘം നടത്തിയ പരിശോധനയില്‍ പാലം നിര്‍മാണത്തില്‍ ആവശ്യത്തിനു സിമന്റും കമ്പിയും ഉപയോഗിച്ചിട്ടില്ലെന്നു കണ്ടെത്തിയിരുന്നു.പുനർനിർമാണം വിലയിരുത്താൻ ഈ സംഘം ഇപ്പോഴും കൊച്ചിയിൽ ക്യാമ്പ് ചെയ്യുകയാണ്.ഇവരുടെ റിപ്പോർട്ട് കിട്ടിയാലുടൻ അറ്റകുറ്റപ്പണി പൂർത്തിയാക്കി പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കും.

Comments (0)
Add Comment