പമ്പ ത്രിവേണി മണൽകടത്ത് കേസ് വിജിലൻസ് അന്വേഷിക്കും; നടപടി രമേശ് ചെന്നിത്തലയുടെ ഹർജിയില്‍

പമ്പ ത്രിവേണി മണൽകടത്ത് കേസ് വിജിലൻസ് അന്വേഷിക്കും. തിരുവന്തപുരം വിജലൻസ് കോടതിയുടേതാണ് ഉത്തരവ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹർജിയിലാണ് നടപടി.

വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് നേരത്തെ വിജിലൻസ് ഡയറക്ടർക്ക് കത്ത് നൽകിയിരുന്നു. അന്വേഷണക്കാര്യത്തിൽ തീരുമാനമാകാതെ വന്നപ്പോൾ പ്രതിപക്ഷ നേതാവ് നേരിട്ട് തിരുവനന്തപുരം വിജിലൻസ് കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനിടയിലാണ് വിജിലൻസ് ഡയറക്ടർ അന്വേഷണത്തിന് അനുമതി ചോദിച്ച് സർക്കാരിനെ സമീപിക്കുകയും സർക്കാർ അനുമതി നിഷേധിക്കുകയും ചെയ്തത്. ഈ സാഹചര്യത്തിലാണ് വിജിലൻസ് കോടതി അന്വേഷണം വേണമെന്ന ഉത്തരവ് നൽകിയത്.

2018 ലെ പ്രളയത്തിൽ പമ്പാ ത്രിവേണിയിൽ അടിഞ്ഞു കൂടിയ 90,000 ഘനമീറ്റർ മണൽ നിയമം ലംഘിച്ച് നീക്കുന്നതിന് ജില്ലാ കളക്ടർ അനുമതി നൽകി എന്നതാണ് കേസ്. വനംവകുപ്പിന്‍റെ അധീനതയിലുള്ള മണൽ നീക്കം ചെയ്യുന്നതിന് ഉത്തരവിടാൻ ജില്ലാ കളക്ടർക്ക് അധികാരമില്ലെന്നാണ് ഹർജിയിലെ വാദം. അന്വേഷണം നടത്തുന്നതിന് വിജിലൻസിന് സർക്കാർ അനുമതി ആവശ്യമുണ്ടെങ്കിലും കോടതിക്ക് അത് ബാധകമാവില്ലെന്നാണ് ഹർജിയിലെ വാദം. കോടികൾ വിലമതിക്കുന്ന മണൽ സൗജന്യമായി മറിച്ചു നൽകാനുള്ള സർക്കാർ നീക്കം പ്രതിപക്ഷമാണ് പുറത്തു കൊണ്ടു വന്നത്. വനം വകുപ്പ് ഇത് അറിഞ്ഞിരുന്നില്ല. മണൽ വനത്തിന് പുറത്തേക്ക് കടത്തുന്നത് വനം വകുപ്പ് തടയുകയും ചെയ്തിരുന്നു.

Comments (0)
Add Comment