വർക്കല എസ്.ആർ മെഡിക്കൽ കോളേജ് മാനേജ്മെന്‍റിന് തിരിച്ചടി; ക്രിമിനൽ കേസെടുക്കണമെന്ന് വിജിലൻസ്

Jaihind News Bureau
Thursday, October 3, 2019

വർക്കല എസ്.ആർ മെഡിക്കൽ കോളേജ് മാനേജ്മെന്‍റിനെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് വിജിലൻസ്. വിദ്യാർഥികളുടെ ഭാവി ആശങ്കയിലാഴ്ത്തിയ മാനേജ്മെന്‍റിനു തിരിച്ചടിയാവുകയാണ് വിജിലൻസ് റിപ്പോർട്ട്. കോളേജിന്‍റെ നടപടികൾക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിനും വിജിലൻസ്  ശുപാർശ ചെയ്തു. 

വർക്കല എസ്.ആർ മെഡിക്കൽ കോളേജ് മാനേജ്മെന്‍റിനെതിരെ വിദ്യാർഥികൾ ഉന്നയിച്ച പരാതികൾ വസ്തുതാപരമാണെന്ന് വിജിലൻസ് നടത്തിയ അന്വേഷണത്തിൽ  തെളിഞ്ഞതോടെയാണ് കോളേജ് മാനേജ്മെന്‍റിനെരെ ക്രിമിനൽ കേസെടുക്കണമെന്ന് വിജിലൻസ് റിപ്പോർട്ട് ചെയ്തത്. കുടുംബശ്രീ തൊഴിലാളികളെയാണ് വ്യാജ രോഗികളായി ആശുപത്രിയിൽ എത്തിച്ചതെന്നും വിജിലൻസ് കണ്ടെത്തി.

അതേസമയം, ഭീമമായ ഫീസ് ഈടാക്കുന്നുണ്ടെങ്കിലും അതിനനുസരിച്ച് ഗുണനിലവാരമുള്ള വിദ്യാഭ്യാസം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നതിലും കോളേജ് മാനേജ്മെന്‍റ് വീഴ്ച വരുത്തി. ഇതിനുമുൻപ് കൗൺസിൽ നടത്തിയ പരിശോധനയ്ക്കും കോളേജ് മാനേജ്മെന്‍റ് വാടക രോഗികളെ ആശുപത്രിയിൽ എത്തിച്ച വാർത്താ ജയ്ഹിന്ദ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

ഇതിനുപുറമേ വിജിലൻസ് സംഘം കോളജിലെത്തിയപ്പോഴും  കുടുംബശ്രീ പ്രവർത്തകരായ സ്ത്രീകളാണ് രോഗികളായി ഉണ്ടായിരുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിനും വിജിലൻസ്  ശുപാർശ ചെയ്തിട്ടുണ്ട്.

മെഡിക്കൽ കോളജ് പ്രവർത്തിക്കുന്ന കെട്ടിടത്തിനു   ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിന്‍റെ അനുമതിയില്ലെന്നും പഞ്ചായത്ത് സെക്രട്ടറിയുടെ വ്യാജ ഒപ്പും സീലും പതിപ്പിച്ച് വ്യാജ ബിൽഡിങ് പെർമിറ്റ് ഉണ്ടാക്കിയതാണെന്നും വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി.

ഇതിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും അന്വേഷണത്തിൽ വീഴ്ച വരുത്തി തെളിവില്ലെന്ന് പറഞ്ഞ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചുവെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു.

നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന എസ്.ആർ മെഡിക്കൽ കോളജിനെതിരെ പഞ്ചായത്ത് ഡയറക്ടർ നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിലുണ്ട്

https://www.youtube.com/watch?v=huGoF9yPygE