‘ബിജെപിക്ക് വരും തെരഞ്ഞെടുപ്പുകളില്‍ വിജയം എളുപ്പമാകില്ല’: രാഹുല്‍ ഗാന്ധി

 

ന്യൂഡല്‍ഹി: ബിജെപിക്ക് വരും തെരഞ്ഞെടുപ്പുകളിൽ വിജയം എളുപ്പമാകില്ലെന്ന് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ പേരിൽ തനിക്കും കോൺഗ്രസ് പാർട്ടിക്കും നേരെ വിമർശനം നടത്തിയവർക്ക് നന്ദിയുണ്ടെന്നും അവരുടെ വിമർശനം തങ്ങൾക്ക് ഊർജമായി മാറിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. യാത്രയുടെ ആശയം അംഗീകരിക്കുന്ന ആർക്കും ഭാരത് ജോഡോയുടെ ഭാഗമാകാം. കോടികൾ മുടക്കി പ്രചാരണം നടത്തിയാലും സത്യത്തെ മൂടിവെക്കാനാകില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എഐസിസി ആസ്ഥാനത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

ലോകത്തേക്കും ദൈർഘ്യമേറിയ രാഷ്‌ട്രീയ പദയാത്ര എന്ന് ഇതിനകം പേരെടുത്ത ഭാരത് ജോഡോ യാത്ര രാജ്യതലസ്ഥാനത്താണ് പര്യടനം നടത്തുന്നത്. 108 ദിവസം പൂര്‍ത്തിയാക്കിയ യാത്ര ഡിസംബര്‍ 25 മുതല്‍ 9 ദിവസത്തെ അവധിയിലാണ്. യാത്രികർ താമസിക്കുന്ന കണ്ടെയ്നറുകളുടെ അറ്റകുറ്റപ്പണികളടക്കം ചെയ്യാനാണ് യാത്ര തൽക്കാലം നിർത്തിവെച്ചിരിക്കുന്നത്. ജനുവരി മൂന്നിന് ഭാരത് ജോഡോ യാത്ര പുനരാരംഭിക്കും.

‘ഒരുമിക്കുന്ന ചുവടുകൾ ഒന്നാകുന്ന രാജ്യം’ എന്ന മുദ്രാവാക്യം ഉയർത്തി രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇക്കഴിഞ്ഞ സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽ നിന്നാണ് തുടങ്ങിയത്. തമിഴ്‌നാട്ടിലെ കന്യാകുമാരി മുതൽ യാത്ര തുടങ്ങി ശ്രീനഗറിൽ അവസാനിക്കുന്ന 5 മാസം ദൈർഘ്യമുള്ള കാൽനട യാത്രയിൽ 149 സ്ഥിരം ജാഥ അംഗങ്ങളുണ്ട്. അതിൽ മൂന്നിലൊന്ന് സ്ത്രീകളുമാണ്. ജാഥയിൽ ഓരോ പ്രദേശത്തു നിന്ന് പ്രാദേശികമായി കൂടുതൽ അംഗങ്ങൾ പങ്കെടുക്കുന്നുണ്ട്.

2022 സെപ്റ്റംബർ 6ന് പദയാത്ര ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തെങ്കിലും കന്യാകുമാരിയിൽ നിന്ന് യാത്ര ആരംഭിച്ചത് സെപ്റ്റംബർ 7 നാണ്. 146 ദിവസം നീളുന്ന പദയാത്ര 12 സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്ത് പിന്നിട്ട് ശ്രീനഗറിൽ സമാപിക്കും. 3,570 കിലോമീറ്റർ പിന്നിട്ട് 2023 ജനുവരി 30 നാണ് യാത്രയുടെ സമാപനം. 22 നഗരങ്ങളിൽ റാലികൾ സംഘടിപ്പിക്കും. ഇന്ത്യ കണ്ടിട്ടുള്ളതിൽ വച്ചേറ്റവും വലിയ രാഷ്‌ട്രീയ ജാഥയാണിത്. രാവിലെ 7 മുതൽ 11 വരെയും വൈകുന്നേരം 4 മുതൽ 7 വരെയുമാണ് യാത്രയുടെ സമയക്രമം.

ഇതിനിടെയുള്ള സമയത്തിൽ വിവിധ മേഖലയിലുള്ള തൊഴിലാളികൾ, കർഷകർ, യുവാക്കൾ, സാംസ്‌കാരിക പ്രമുഖർ തുടങ്ങിയവരുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തുകയും അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കുകയും ചെയ്യും. കടന്നുപോകുന്നിടങ്ങളിലെല്ലാം അഭൂതപൂര്‍വമായ ജനപിന്തുണയാണ് യാത്രയ്ക്ക് ലഭിക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്ന ചരിത്രപരമായ യാത്രയ്ക്കാണ് രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുന്നത്.

Comments (0)
Add Comment