പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തില്‍ സര്‍ക്കാറിന് വീഴ്ച്ച: സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യും

Jaihind Webdesk
Wednesday, December 5, 2018

പ്രളയ പുനര്‍നിര്‍മ്മാണത്തില്‍ സര്‍ക്കാറിനുണ്ടായ വീഴ്ച്ചയെപ്പറ്റി സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യാമെന്ന് സര്‍ക്കാര്‍. ഉച്ചയ്ക്ക് ഒരുമണി മുതല്‍ മൂന്നുമണിവരെ ചര്‍ച്ചയാകാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും സ്തംഭിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു. വി.ഡി. സതീശനാണ് അടിയന്തരപ്രമേയ ചര്‍ച്ചയ്ക്ക് അനുമതി തേടി നോട്ടീസ് നല്‍കിയത്.

മഹാപ്രളയത്തിന് ശേഷം 100 ദിവസങ്ങള്‍ പിന്നിട്ടിട്ടും വീടുകള്‍ പൂര്‍ണ്ണമായും ഭാഗീകമായും തകര്‍ന്നവര്‍ക്കും, വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കും കേരളത്തിന്റെ നെല്ലറയായ കുട്ടനാട്ടില്‍ കൃഷിനാശം സംഭവിച്ചവര്‍ക്കും പൊതുവേ ഉപജീവന മാര്‍ഗ്ഗം നഷ്ടപ്പെട്ടവര്‍ക്കും കാര്യമായ സഹായം നല്‍കാന്‍ കഴിഞ്ഞില്ലെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായ സ്തംഭനാവസ്ഥയിലാണെന്നും അനുമതി തേടിക്കൊണ്ട് വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി. ശബരിമല, കെ.ടി. ജലീല്‍ വിഷയങ്ങളില്‍ ഭരണപക്ഷത്തെ വിറപ്പിച്ചതിന് ശേഷമാണ് പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിലെ പരാജയം സഭയിലുന്നയിക്കാന്‍ പ്രതിപക്ഷമൊരുങ്ങുന്നത്.

ശബരിമല പ്രശ്‌നത്തില്‍ പ്രതിപക്ഷ എംഎല്‍ എ മാരുടെ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. വി.എസ്.ശിവകുമാര്‍, പാറയ്ക്കല്‍ അബ്ദുല്ല, എന്‍.ജയരാജ് എന്നിവരാണ് സത്യഗ്രഹ സമരം നടത്തുന്നത്. നിരോധനാജ്ഞയും നിയന്ത്രണങ്ങളും പൂര്‍ണമായി പിന്‍വലിക്കണമെന്നാണ് ആവശ്യം. സെക്രട്ടേറിയറ്റ് പടിക്കല്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ നടത്തുന്ന നിരാഹാര സമരവും ഇന്ന് മൂന്നാംദിവസത്തിലേക്ക് കടന്നു.