‘ഖജനാവിലെ പണമെടുത്ത് സിപിഎം തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു’; മുഖ്യമന്ത്രിക്ക് വി.ഡി. സതീശന്റെ മുന്നറിയിപ്പ്

Jaihind News Bureau
Sunday, January 11, 2026

സർക്കാർ ഖജനാവിലെ പണമെടുത്ത് സി.പി.എം തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയാണെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വികസന കാര്യങ്ങളിൽ ജനാഭിപ്രായം തേടാനെന്ന വ്യാജേന കോടിക്കണക്കിന് രൂപ ചെലവഴിച്ചാണ് സർക്കാർ ഈ നീക്കം നടത്തുന്നത്. സ്വന്തം പാർട്ടി പ്രവർത്തകരെ വൊളന്റിയർമാരാക്കി, അവർക്ക് സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം നൽകി സർക്കാരിന്റെ നേട്ടങ്ങൾ വിവരിക്കുന്ന ലഘുലേഖകൾ വിതരണം ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സർക്കാരോ എൽ.ഡി.എഫോ രാഷ്ട്രീയ പ്രചാരണം നടത്തുന്നതിൽ തനിക്ക് വിരോധമില്ലെന്ന് പറഞ്ഞ വി.ഡി. സതീശൻ, എന്നാൽ അത് പൊതുജനങ്ങളുടെ പണം ഉപയോഗിച്ചാകരുത് എന്ന് വ്യക്തമാക്കി. പത്ത് വർഷം ഭരിച്ചിട്ടും ഇപ്പോൾ ജനങ്ങളോട് വികസന അഭിപ്രായം തേടുന്നത് വിരോധാഭാസമാണ്. പാർട്ടിക്കാരെ ഇതിൽ ഉൾപ്പെടുത്താൻ സി.പി.എം നേതൃത്വം നൽകിയ ഔദ്യോഗിക കത്ത് തന്റെ കൈവശമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇത്തരം നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്കായി ചെലവാക്കുന്ന ഓരോ പൈസയും സി.പി.എം കൊണ്ട് തിരിച്ചടപ്പിക്കാൻ ഏതറ്റം വരെയും നിയമപോരാട്ടം നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

തദ്ദേശ സ്ഥാപനങ്ങളിലെ ടെക്നിക്കൽ അസിസ്റ്റന്റുമാരെ സ്ഥിരപ്പെടുത്താൻ സി.ഐ.ടി.യു നൽകിയ കത്ത് മന്ത്രി വകുപ്പിലെ അധികാരികൾക്ക് കൈമാറിയത് ഗൗരവകരമാണ്. കോടതി ഉത്തരവ് നിലനിൽക്കുന്നതിനാൽ താൽക്കാലിക ജീവനക്കാരെ വഴിവിട്ട് സ്ഥിരപ്പെടുത്താനുള്ള നീക്കം നടക്കില്ല. പാർട്ടിക്കാരെ ഖജനാവിലെ പണം ഉപയോഗിച്ച് സഹായിക്കാനുള്ള ശ്രമത്തിൽ നിന്ന് മുഖ്യമന്ത്രി പിന്തിരിയണമെന്നും, അല്ലാത്തപക്ഷം നിയമപരമായും രാഷ്ട്രീയമായും ശക്തമായി നേരിടുമെന്നും വി.ഡി. സതീശൻ പറഞ്ഞു.