‘കേരളത്തിന്‍റെ മുഖ്യമന്ത്രിയല്ലേ? ഇത്ര പച്ചക്ക് വർഗീയത പറയരുത്’; പിണറായിയോട് വി.ഡി സതീശന്‍

യുഡിഎഫിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച മുഖ്യമന്ത്രിക്ക് മറുപടിയുമായി വി.ഡി സതീശന്‍ എംഎല്‍എ. കോൺഗ്രസിലെ കാര്യങ്ങളിൽ ആരെങ്കിലും അനാവശ്യമായി ഇടപെട്ടാൽ ചോദിക്കാൻ നല്ല ചുണയുള്ളവർ  പാർട്ടിയിലുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

കോൺഗ്രസ്സിലെ കാര്യങ്ങൾ തീരുമാനിക്കുന്നത് ലീഗാണെന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ.
കോൺഗ്രസ്സിലെ കാര്യങ്ങളിൽ ആരെങ്കിലും അനാവശ്യമായി ഇടപെട്ടാൽ ചോദിക്കാൻ നല്ല ചുണയുള്ളവർ ഞങ്ങളുടെ പാർട്ടിയിലുണ്ട്.
കേരളത്തിന്റെ മുഖ്യമന്ത്രിയല്ലേ? ഇത്ര പച്ചക്ക് വർഗ്ഗീയത പറയരുത്. കോൺഗ്രസ്സിനെ മോശമാക്കി ശബരിമലയിൽ നഷ്ടപ്പെട്ട ഹിന്ദു വോട്ടുകൾ തിരിച്ചു പിടിക്കാനുള്ള ഓരോരോ മാർഗ്ഗങ്ങൾ !!!
ഇത് കേരളമാണ്.

‘കേരളത്തിന്‍റെ മുഖ്യമന്ത്രിയല്ലേ? ഇത്ര പച്ചക്ക് വർഗ്ഗീയത പറയരുത്. കോൺഗ്രസ്സിനെ മോശമാക്കി ശബരിമലയിൽ നഷ്ടപ്പെട്ട ഹിന്ദു വോട്ടുകൾ തിരിച്ചു പിടിക്കാനുള്ള ഓരോരോ മാർഗ്ഗങ്ങൾ ! ഇത് കേരളമാണ്’- വി.ഡി സതീശന്‍ കുറിച്ചു.  കോണ്‍ഗ്രസിനെ ആരുനയിക്കണമെന്ന തീരുമാനിക്കുന്ന കേന്ദ്രമായി ലീഗ് മാറിയോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.

മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ലീഗും രംഗത്തെത്തി. കെപിസിസി അധ്യക്ഷന്‍റെ കാര്യത്തിൽ ലീഗ് ഇടപെടുന്നു എന്ന മുഖ്യമന്ത്രിയുടെ പോസ്റ്റ് നിലവാരമില്ലാത്തതാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. ഭാവനയിൽ നിന്ന് സൃഷ്ടിച്ചെടുത്ത് സാമുദായിക ചേരിതിരിവുണ്ടാക്കാനുള്ള നീക്കമാണ് മുഖ്യമന്ത്രിയുടേത്. സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് കാര്‍ഡുകള്‍ മാറിക്കളിക്കുന്നയാളാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Comments (0)
Add Comment