
സിപിഎം നേതാക്കളുടെ ജയിലിലേക്കുള്ള ഘോഷയാത്ര തുടങ്ങിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പദ്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്ന് നില്‍ക്കുകയാണ്. ഇടത് മുന്നണിയുടെ അധികാരം ഉപയോഗിച്ചാണ് ശബരിമല കൊള്ളയടിച്ചത്. അതിന്റെ പേരില്‍ ഘോഷയാത്രയായി നേതാക്കള്‍ ഓരോരുത്തരും ജയിലിലേക്ക് പോകുന്ന കാഴ്ചയാണ് കേരളം കാണുന്നത്. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കടകംപള്ളിയെയാണ് ഇനി ചോദ്യം ചെയ്യേണ്ടത്. പോറ്റി കുടുങ്ങിയാല്‍ സിപിഎം കുടുങ്ങുമെന്ന് ഇടത് മുന്നണിക്ക് വ്യക്തമായിരുന്നു. അതിനാലാണ് കൊള്ള മറച്ചു വച്ചതെന്നും അദ്ദേഹം പറവൂര്‍ വടക്കേക്കരയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഈ അഴിമതിയുടെ ചങ്ങല പത്മകുമാറില്‍ അവസാനിക്കുമോ? അതോ, ദേവസ്വം ബോര്‍ഡിനെ മറയാക്കിയ ഈ കൊടും കൊള്ളയുടെ അണിയറ രഹസ്യങ്ങള്‍ അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനിലേക്ക് നീളുമോ എന്ന ഭയം സിപിഎം ക്യാമ്പിനെ ഗ്രസിച്ചിരിക്കുകയാണ്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടത് ബോര്‍ഡ് തന്നെയാണ് എന്ന എസ്‌ഐടിയുടെ കണ്ടെത്തല്‍ അതീവ ഗുരുതരമാണ്. സംസ്ഥാനം ഭരിക്കുന്നവര്‍ തന്നെ ക്ഷേത്ര സ്വത്തുക്കള്‍ കവര്‍ച്ച ചെയ്യാന്‍ ഒത്താശ ചെയ്താല്‍, ഈ ‘ചുവപ്പ് ഭരണം’ അഴിമതിയുടെ അങ്ങേയറ്റത്തെ മാതൃകയായി മാറും. ഈ കവര്‍ച്ചക്ക് മൗനാനുവാദം നല്‍കിയ ഭരണത്തലപ്പത്തുള്ള വമ്പന്‍മാര്‍ വരെ വെളിച്ചത്ത് വരണം. കേരളത്തിലെ ജനങ്ങള്‍ അര്‍ഹിക്കുന്ന നീതി ലഭിക്കാന്‍ അന്വേഷണം മുന്നോട്ട് പോകേണ്ടത് അത്യാവശ്യമാണ്.