ആലുവയില്‍ പാചകം നിഷേധിച്ചത് രാജാവിന്‍റെ എഴുന്നള്ളത്തുള്ളതിനാല്‍; പരിഹസിച്ച് പ്രതിപക്ഷ നേതാവ്

Friday, December 1, 2023

 

കൊച്ചി: നവകേരള സദസിനായി മുഖ്യമന്ത്രി ആലുവയിലെത്തുന്ന ഡിസംബർ 7 ന് ഒരൊറ്റ കടയിൽ പോലും പാചകം പാടില്ലെന്ന പോലീസിന്‍റെ വിചിത്ര നിർദേശത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. രാജാവിന്‍റെ എഴുന്നള്ളത്ത് നടക്കുന്നതിനാലാണ് നവകേരള സദസ് നടക്കുമ്പോള്‍ ആലുവയില്‍ പാചകം ചെയ്യാന്‍ പാടില്ലെന്ന ഉത്തരവിറക്കിയത്. രാജാവ് വരുമ്പോള്‍ സ്‌കൂളിന്‍റെ മതില്‍ ഇടിക്കുകയും കെട്ടിടം പൊളിക്കുകയും ഗ്യാസ് കുറ്റികള്‍ എടുത്തുകൊണ്ടു പോകുകയും ആളുകളെ മാറ്റുകയും ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ആലുവയില്‍ നവകേരള സദസ് നടക്കുന്ന ഡിസംബർ 7 ന് ഒരൊറ്റ കടയിൽ പോലും പാചകം പാടില്ലെന്നാണ് പോലീസ് കടക്കാർക്ക് നല്‍കിയിരിക്കുന്ന നിർദ്ദേശം. ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസ് കടക്കാർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഭക്ഷണം വിൽക്കണമെങ്കിൽ മറ്റെവിടെ നിന്നെങ്കിലും പാചകം ചെയ്തശേഷം ഇവിടെ എത്തിച്ച് വിൽക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. നവകേരള സദസിന്‍റെ പേരില്‍ പൊതുജനത്തെ ബുദ്ധിമുട്ടിക്കുന്ന നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.