ജെഡിഎസിനെ പുറത്താക്കാനുളള ധൈര്യം എല്‍ഡിഎഫിനില്ല; കരവന്നൂര്‍ കൊളളയില്‍ ഗൂഢനീക്കം ആരോപിച്ച് വിഡി സതീശന്‍

Jaihind Webdesk
Tuesday, October 10, 2023

 

മതേതര മുന്നണിയുടെ പേരില്‍ വോട്ടുതേടി അധികാരത്തിലെത്തിയ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാര്‍ എന്‍.ഡി.എ ഘടകകക്ഷിയുമായി ചേര്‍ന്ന് ഭരണം നടത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു്. മന്ത്രിസഭയില്‍ നിന്നും മുന്നണിയില്‍ നിന്നും ജെ.ഡി.എസിനെ പുറത്താക്കാനുള്ള ധൈര്യം മുഖ്യമന്ത്രിക്കും എല്‍.ഡി.എഫിനുമില്ല. ബി.ജെ.പിക്കെതിരെ വാചക കസര്‍ത്ത് നടത്തുന്നതല്ലാതെ ചെറുവിരല്‍ അനക്കാന്‍ മുഖ്യമന്ത്രിക്കും സി.പി.എം നേതാക്കള്‍ക്കും മുട്ട് വിറയ്ക്കും.

എന്‍.ഡി.എ സഖ്യത്തില്‍ ചേര്‍ന്നെന്ന് ജെ.ഡി.എസ് ഔദ്യോഗികമായി പ്രഖ്യാപിച്ച് ഒരു മാസമായിട്ടും കേരളത്തില്‍ എല്‍.ഡി.എഫിനോ സി.പി.എമ്മിനോ മുഖ്യമന്ത്രിക്കോ മിണ്ടാട്ടമില്ല. പുതുപ്പള്ളി ഉപതരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കിടങ്ങൂരില്‍ യു.ഡി.എഫ് -ബി.ജ.പി സഖ്യമെന്ന വ്യാജ ആരോപണം ഉന്നയിച്ച ആളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോള്‍ അദ്ദേഹത്തിന്റ മന്ത്രിസഭയിലാണ് എന്‍.ഡി.എ ഘടകകക്ഷിയായ ജെ.ഡി.എസിന്റെ ഒരു അംഗം മന്ത്രിയായി തുടരുന്നത്.

അഴിമതി കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നതിന്റെ ഭാഗമായി സി.പി.എം- ബി.ജെ.പി നേതൃത്വങ്ങള്‍ ഉണ്ടാക്കിയ രഹസ്യധാരണ ഇപ്പോള്‍ മുന്നണിതലത്തിലേക്കും വ്യാപിപ്പിച്ചെന്നു വേണം കരുതാന്‍. ലൈഫ് മിഷന്‍, ലാവലിന്‍, സ്വര്‍ണക്കടത്ത് കേസുകള്‍ അട്ടിമറിച്ച അതേരീതിയില്‍ സി.പി.എം നേതാക്കള്‍ ഉള്‍പ്പെട്ട കരുവന്നൂര്‍ ബാങ്ക് കൊള്ളയിലെ ഇ.ഡി അന്വേഷണം അട്ടിമറിക്കാനുള്ള ഗൂഢ നീക്കവും നടക്കുന്നുണ്ടെന്നും സതീശന്‍ ആരോപിച്ചു.