“എനിക്ക് ഒരു ഡയറി തരുവോ?” കുഞ്ഞ് ആദിത്യന്‍റെ വീട്ടില്‍ നേരിട്ടെത്തി പ്രതിപക്ഷ നേതാവ്

Jaihind Webdesk
Sunday, January 7, 2024

 

കൊച്ചി: കുഞ്ഞ് ആദിത്യന് ഡയറി നല്‍കാന്‍ നേരിട്ട് വീട്ടിലെത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കളമശേരി കരിമാലൂർ ഗവൺമെന്‍റ് എൽപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ ആദിത്യൻ കഴിഞ്ഞ ദിവസമാണ് സ്കൂളിൽ ഡയറി എഴുതാൻ ടീച്ചർ പറഞ്ഞിട്ടുണ്ടെന്നും 2024ലെ ഒരു ഡയറി തരുമോ എന്നും ചോദിച്ച് പ്രതിപക്ഷ നേതാവിന് കത്ത് എഴുതിയത്. സ്വന്തം കൈപ്പടയിൽ ചിത്രങ്ങൾ വരച്ച് ന്യൂ ഇയർ ആശംസകൾ കൂടി നേർന്നാണ് കത്ത് അയച്ചത്.

കത്ത് ലഭിച്ച് പിറ്റേദിവസം ആദിത്യന് ഡയറിയുമായി വി.ഡി. സതീശൻ വീട്ടില്‍ നേരിട്ടെത്തുകയായിരുന്നു. ഡയറി ആവശ്യപ്പെട്ട് വേറെയും കത്തുകൾ എഴുതിയെങ്കിലും പ്രതിപക്ഷനേതാവ് ഡയറിയുമായി വീട്ടിലെത്തിയത് ഏറെ സന്തോഷം നൽകിയെന്ന് ആദിത്യന്‍റെ പിതാവ് പ്രതികരിച്ചു. ഒരു ആശംസാ കാർഡോ, ഡയറിയോ അയച്ചുതരുമെന്നേ കരുതിയിരുന്നുള്ളൂ. പ്രതിപക്ഷ നേതാവ് നേരിട്ട് വരുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ലെന്നും പിതാവ് പറഞ്ഞു.

വീട്ടിലേക്ക് എത്തിയ വി.ഡി. സതീശന് റോസാപ്പൂ നൽകിയാണ് ആദിത്യൻ സ്വീകരിച്ചത്. നന്നായി പഠിക്കണമെന്നും ഡയറി എഴുതാൻ മറക്കരുതെന്നും അദ്ദേഹം ആദിത്യനെ ഓർമ്മിപ്പിച്ചു. തന്‍റെ കയ്യിൽ കരുതിയ ഡയറിയിൽ ആശംസകൾ നേർന്ന കുറിപ്പിനൊപ്പം ഡയറി എഴുതാൻ പേനയും സമ്മാനമായി നല്‍കിയാണ് പ്രതിപക്ഷ നേതാവ് മടങ്ങിയത്. വീട്ടിൽ എത്തിയതിൽ സന്തോഷം പങ്കുവെച്ച് ആദിത്യന്‍റെ മാതാപിതാക്കളായ ശ്രീരാജും ആതിരയും മറ്റ് കുടുംബാംഗങ്ങളും ചേർന്ന് വി.ഡി. സതീശനെ യാത്രയാക്കി.