‘സഹപ്രവര്‍ത്തകരെ ചേർത്തുനിർത്തിയ നേതാവ്, അപ്രതീക്ഷിത വിയോഗം താങ്ങാനാവാത്ത വേദന’; വി.ഡി സതീശന്‍

Jaihind Webdesk
Thursday, October 27, 2022

മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്‍റെ വക്താവും നിസ്വാര്‍ത്ഥനായ കോണ്‍ഗ്രസ് നേതാവും മുഴുവന്‍സമയ പാര്‍ട്ടി പ്രവര്‍ത്തകനുമായിരുന്നു സതീശന്‍ പാച്ചേനി. കെഎസ്‌യു യൂണിറ്റ് അധ്യക്ഷനില്‍ തുടങ്ങി സംസ്ഥാന അധ്യക്ഷനായി അവകാശ സമര പോരാട്ടങ്ങളിലൂടെയാണ് പാച്ചേനി സംസ്ഥാന രാഷ്ട്രീയത്തിലും കോണ്‍ഗ്രസിലും തന്‍റെ സ്ഥാനം അടയാളപ്പെടുത്തിയത്. ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കുക മാത്രമല്ല, സഹപ്രവര്‍ത്തകര്‍ക്ക് കൂടി ആ ഊര്‍ജം പകര്‍ന്നുകൊടുക്കാന്‍ അദ്ദേഹത്തിനായി. എല്ലാ കാലങ്ങളിലും പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ സന്തോഷത്തോടെ ഏറ്റെടുക്കാനും പാര്‍ട്ടി ചട്ടക്കൂടിനുള്ളില്‍ നിന്ന് അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയാനുമുള്ള ആര്‍ജവം പാച്ചേനിക്കുണ്ടായിരുന്നു.

അടിയുറച്ച ഒരു കമ്യൂണിസ്റ്റ് കുടുംബത്തിലെ അംഗമായിരുന്നെങ്കിലും കോണ്‍ഗ്രസ് ആശയങ്ങളാണ് പാച്ചേനിയെ ആകര്‍ഷിച്ചത്. ഇതേത്തുടര്‍ന്ന് തറവാട്ടില്‍ നിന്നും പടിയിറക്കിയെങ്കിലും കോണ്‍ഗ്രസിനൊപ്പം നില്‍ക്കുകയെന്ന ഉറച്ച തീരുമാനത്തിലായിരുന്നു പാച്ചേനി. പരിയാരം ഹൈസ്‌കൂളില്‍ ആദ്യമായി രൂപീകരിച്ച കെഎസ്‌യു യൂണിറ്റ് അധ്യക്ഷനായാണ് പാച്ചേനി കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക് ചുവട് വച്ചത്. പിന്നീട് താലൂക്ക് സെക്രട്ടറിയും ജില്ലാ വൈസ് പ്രസിഡന്‍റും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പാച്ചേനി കെഎസ്‌യു അധ്യക്ഷനുമായി.

2001 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കോട്ടയെന്ന് അവര്‍ തന്നെ വിശേഷിപ്പിക്കുന്ന മലമ്പുഴയില്‍ പാച്ചേനിക്കെതിനെ സാക്ഷാല്‍ വി.എസ് അച്യുതാനന്ദന് 4703 വോട്ടുകള്‍ക്ക് മാത്രമാണ് വിജയിക്കാനായത്. സിപിഎമ്മിന്‍റെ കോട്ടകളില്‍ വമ്പന്‍മാര്‍ക്കെതിരെ മത്സരിച്ച തെരഞ്ഞെടുപ്പുകളില്‍ തുച്ഛമായ വോട്ടുകള്‍ക്കാണ് പാച്ചേനി പരാജയപ്പെട്ടത്. പാര്‍ലമെന്‍ററി രംഗത്ത് തിളങ്ങി നില്‍ക്കാനുള്ള അനുഭവവും കഴിവും സതീശന്‍ പാച്ചേനിക്ക് ഉണ്ടിയിരുന്നുവെന്ന് എനിക്കുറപ്പാണ്. എന്നാല്‍ ദൗര്‍ഭാഗ്യമാണ് പലപ്പോഴും തടസമായത്. തോല്‍വികള്‍ വ്യക്തിപരമായി ഒരിക്കലും സതീശന്‍ പാച്ചേനിയെ ബാധിച്ചിരുന്നില്ല.

അടിമുടി കോണ്‍ഗ്രസുകാരനും തികഞ്ഞൊരു പോരാളിയുമായിരുന്നു പാച്ചേനി. മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിനൊപ്പം എക്കാലവും നിന്ന പാച്ചേനി കണ്ണൂരിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്‍റെ കരുത്തായിരുന്നു. കണ്ണൂര്‍ ഡിസിസി അധ്യക്ഷനായിരിക്കെ പാര്‍ട്ടി ആസ്ഥാന മന്ദിര നിര്‍മ്മാണത്തിന് വേണ്ടി സ്വന്തം വീടിന്‍റെ ആധാരം പണയം വച്ച് പണം കണ്ടെത്താന്‍ പോലും അദ്ദേഹം മടി കാട്ടിയില്ല. കോണ്‍ഗ്രസ് പാര്‍ട്ടി അദ്ദേഹത്തിന് ജീവവായുവായിരുന്നു. പാര്‍ട്ടിക്ക് പാച്ചേനിയോടുള്ള കടപ്പാടും തീര്‍ത്താല്‍ തീരാത്തതാണ്.

പാച്ചേനിയുടെ വിയോഗം എനിക്കും വ്യക്തിപരമായ നഷ്ടമാണ്. ഞങ്ങള്‍ സമകാലീനരായിരുന്നു. കെഎസ്‌യു ക്യാമ്പുകളില്‍ അദ്ദേഹം പകര്‍ന്നുനല്‍കിയ ആവേശം ഇന്നും ഓര്‍ക്കുന്നു. എന്തും തുറന്നു പറയാവുന്ന സുഹൃത്ത്. പഠിക്കുന്ന സമയത്ത് തൂമ്പയെടുത്ത് ജോലിക്ക് പോയ ജീവിതാനുഭവങ്ങള്‍ കെഎസ്‌യു ക്യാമ്പില്‍ വച്ച് പാച്ചേനി എന്നോട് പറഞ്ഞിട്ടുണ്ട്. സഹപ്രവര്‍ത്തകരെ എന്നും ചേര്‍ത്തുനിര്‍ത്തിയ നേതാവിനെയാണ് ഞങ്ങള്‍ക്ക് നഷ്ടമായത്. അപ്രതീക്ഷിതമായ ഈ വിയോഗം താങ്ങാനാകാത്ത വേദനയാണ്. കോണ്‍ഗ്രസ് കുടുംബത്തിന് നികത്താനാകാത്ത നഷ്ടം. കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.